മസ്കത്ത്: ഇറാൻ-അമേരിക്ക തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെ ന്നാണ് പ്രതീക്ഷയെന്ന് ഒമാൻ. നിലവിലെ സംഘർഷാവസ്ഥ യുദ്ധത്തിലേക്ക് എത്താത്ത വിധത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സ്ഥിതിഗതികൾ രാജ്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കക്ക് വേണ്ടി ഇറാൻ സർക്കാറിലേക്ക് ഒരു സന്ദേശവും കൈമാറിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂൺ 20ന് അമേരിക്കയുടെ ചാരവിമാനം ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്ന് അമേരിക്ക ഒമാൻ വഴി ഇറാന് മുന്നറിയിപ്പ് സന്ദേശം നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ തിങ്കളാഴ്ച അമേരിക്കയുടെ ഇറാൻകാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി ബ്രയാൻ ഹുക്ക് ഒമാൻ സന്ദർശനത്തിന് എത്തി. വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയുമായും റോയൽ ഒാഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായും അമേരിക്കൻ പ്രതിനിധി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സ്ഥിതിഗതികളും ഇരുരാഷ്ട്രങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. ഒമാനിലെ അമേരിക്കൻ അംബാസഡറും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. ജൂൺ 19 മുതൽ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ ബ്രയാൻ ഹുക്ക് സന്ദർശനം നടത്തിവരുകയാണ്. ഒമാന് പുറമെ സൗദി അറേബ്യയും യു.എ.ഇയും കുവൈത്തും ബഹ്റൈനും അമേരിക്കൻ പ്രതിനിധി സന്ദർശിച്ചിരുന്നു. ഇറാനുമായും അമേരിക്കയുമായും ഉഭയകക്ഷി സൗഹൃദമുള്ള രാഷ്ട്രമാണ് ഒമാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ കുറക്കുന്നതിന് മറ്റ് കക്ഷികളുമായി ചേർന്ന് ശ്രമം നടത്തിവരുന്നുണ്ടെന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി അറബിക്ക് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.