ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒമാനിന് വൻ നിക്ഷേപ സാധ്യത; ഇന്ത്യൻ അംബാസഡർ
text_fieldsമസ്കത്തിലെ അൽമൗഫ് സെന്റ് റീജീസിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ‘മീഫ്രണ്ട് സൊലൂഷൻസ്’ സംഘടിപ്പിച്ച ഇൻസ്പയർ ഒമാൻ സമ്മിറ്റിൽ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ സംസാരിക്കുന്നു
മസ്കത്ത്: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒമാൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് വിപുലമായ നിക്ഷേപ-പങ്കാളിത്ത സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പറഞ്ഞു. മസ്കത്തിലെ അൽമൗഫ് സെന്റ് റീജീസിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ‘മീഫ്രണ്ട് സൊലൂഷൻസ്’ സംഘടിപ്പിച്ച ‘ഇൻസ്പയർ ഒമാൻ സമ്മിറ്റി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ സാമ്പത്തിക വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ 7.5 ശതമാനത്തിലധികം സാമ്പത്തിക വളർച്ചാ നിരക്ക് നിലനിർത്തുന്നത് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നതായി അദ്ദേഹം ചുണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഈ വളർച്ചാ യാത്ര സമുദ്രാതിർത്തി പങ്കിടുന്ന അയൽരാജ്യവും വിശ്വസ്ത സുഹൃത്തുമായ ഒമാന് ഏറെ പ്രയോജനകരമാണ്. ഇരുരാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങൾക്കിടയിലും സർക്കാറുകൾക്കിടയിലുമുള്ള പരസ്പര വിശ്വാസവും വിപണികളെക്കുറിച്ചുള്ള നല്ല ധാരണയും ഇതിന് അടിത്തറയേകുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ദർശനമായ ‘വികസിത് ഭാരത് 2047’ ഉം ഒമാന്റെ ‘വിഷൻ 2040’ ഉം തമ്മിലുള്ള പൊരുത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്ന് അംബാസഡർ വ്യക്തമാക്കി. ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ്, ടൂറിസം, ഭക്ഷ്യസംസ്കരണം, ആരോഗ്യരംഗം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലുള്ള ഇന്ത്യയുടെ കരുത്ത് ഒമാന്റെ വികസന മുൻഗണനകൾക്ക് പൂരകമാകും. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഖനനം, മൂല്യവർധിത വ്യവസായങ്ങൾ എന്നിവയിലെ പങ്കാളിത്തം വഴി ഒമാനെ വൈവിധ്യപൂർണവും വിജ്ഞാനാധിഷ്ഠിതവുമായ സുസ്ഥിര സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാൻ സാധിക്കും. ഇത് ഒമാനിൽ വൻതോതിൽ സാങ്കേതികവിദ്യാ കൈമാറ്റത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര, നിക്ഷേപ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് അംബാസഡർ ഓർമിപ്പിച്ചു. എന്നാൽ വെറും വ്യാപാര കണക്കുകൾക്കപ്പുറം, ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തുന്ന നിക്ഷേപങ്ങൾ, സംയുക്ത സംരംഭങ്ങൾ, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലാണ് ഈ പങ്കാളിത്തത്തിന്റെ യഥാർത്ഥ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമാന്റെ വികസനത്തിൽ ദീർഘകാലമായി പങ്കാളികളായ ഒമാനിലെ ഇന്ത്യൻ സമൂഹം, തങ്ങളുടെ സംരംഭകത്വ പരിചയത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ ബന്ധങ്ങൾ ശക്തമാക്കുന്നതിൽ ഒരു പ്രധാന പാലമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പ്രശംസിച്ചു. പുതിയ സാങ്കേതികവിദ്യയുടെയും ഊർജത്തിന്റെയും സ്വപ്നങ്ങളുടെയും കരുത്തിൽ ഇരുരാജ്യങ്ങളുടെയും സുഹൃദ്ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കണമെന്നും ഇൻസ്പയർ സമ്മിറ്റ് അതിനുള്ള വിജയകരമായ വേദിയാവട്ടെയെന്നും അംബാസഡർ ആശംസിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

