ചെറുപ്പത്തിലെ പകുതി നോമ്പ്
text_fieldsനോമ്പോർമകളെ കുറിച്ച് ആലോചിക്കുമ്പോൾ വേനലവധികാലത്തിലെ ആദ്യമായി നോമ്പെടുത്ത ദിവസമാണ് മനസ്സിലേക്ക് ഓടി എത്തുന്നത്. അന്നൊരു ഞായറാഴ്ചയായിരുന്നു എന്നാണോർമ. കുട്ടിക്കാലത്തൊക്കെ വീട്ടുകാർ നോമ്പ് പിടിക്കുവാൻ നിർബന്ധിക്കില്ല. പക്ഷേ, മറ്റുള്ളവർ വെളുപ്പിനെഴുനേൽക്കുന്ന ശബ്ദവും അടുക്കളയിൽനിന്ന് നെയ്യിന്റേം മീൻപൊരിച്ചതിന്റേം മണവുമൊക്കെ വരുമ്പോൾ അറിയാതെ എഴുന്നേൽക്കും.
ഇടയത്താഴം കഴിഞ്ഞാൽ പിന്നോര് പോക്കാണ് കട്ടിലിലേക്ക്. പിന്നെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ വീട്ടിലാകെ മൂകത തളംകെട്ടിയ അവസ്ഥയിലായായിരിക്കും. അടുക്കള ക്ലോസ്. ടിവി ബന്ദ്. ആകെ ഒരു ശാന്തത. ഉമ്മിച്ചി ഇരുന്നു ഖുർആൻ ഓതുന്നുണ്ടാകും. വാപ്പിച്ചി തോട്ടത്തിൽ എന്തെങ്കിലുമൊക്കെ പണിയെടുത്തു നടക്കുന്നുണ്ടാകും. ഇത്താത്ത യാതൊരു ക്ഷീണവും ഇല്ലാതെ വല്ല പുസ്തകവും വായിച്ചിരിക്കുന്നുണ്ടാകും. വയറ്റിൽനിന്ന് എന്തെക്കെയോ ഉരുണ്ടുകേറുന്ന പോലെ തോന്നുമെങ്കിലും ഒന്നും സംഭവിക്കാത്ത പോലെ ‘നോമ്പ് എന്തു രസാല്ലെ’, ‘വിശക്കുന്നെ ഇല്ല ’ എന്ന ആരംഭ ശുരത്വ വാക്കുകൾ ഉരുവിട്ട് എല്ലാവരുടെയും അടുത്തുചെന്ന് എഴുന്നേറ്റ വിവരം അറിയിക്കും.
ഒരു പതിനൊന്നു പതിനൊന്നര ഒക്കെ ആകുമ്പോൾ വിശപ്പിന്റെ വിളി വന്നുതുടങ്ങുമ്പോൾ പതുക്കെ ഉമ്മയുടെ അടുത്തുചെന്നിരിക്കും. വിശക്കുന്നുണ്ടോ? നോമ്പ് വിടണോ? എന്നു ചോദിക്കുമെന്നാണ് പ്രതീക്ഷ. പോയി മുഖം കഴുക്..ഉഷാറാകും...വേണോങ്കിൽ ഒന്നു പല്ലും കൂടെ തേച്ചോ...എന്നു പറയുമ്പോൾ ഇതൊക്കെ ചെയ്താൽ വിശപ്പുമാറുമോ എന്നു ചോദിക്കണം എന്നുണ്ടെങ്കിലും ആത്മാഭിമാനം മുറുകെപ്പിടിച്ചു നേരെ വാഷ് ബേസിന്റെ അരികിലേക്കോടും. പല്ലുതേച്ചു വായ്കഴുകുമ്പോൾ അറിയാതെ കുറച്ചുവെള്ളം ഉള്ളിൽ പോകും. അപ്പോൾ കിട്ടുന്ന ഒരു നിർവൃതിയുണ്ട്.. ആരും കണ്ടില്ലല്ലോ എന്നുറപ്പുവരുത്തി...ഒന്നുടെ വായ കഴുകും...വീണ്ടും കുറച്ചു വെള്ളം അകത്തേക്ക്. ഈ കളി കൊള്ളാമല്ലോ എന്നോർത്ത് കുറച്ചുനേരം തുടരും.
പിന്നീട് വല്ലാത്ത കുറ്റബോധം വേട്ടയാടുമ്പോൾ ഉമ്മയുടെ അടുത്തുചെന്ന് സംശയ നിവാരണം നടത്തും. അറിയാതെ വെള്ളം ഉള്ളിൽ പോയാൽ നോമ്പ് മുറിയില്ലല്ലോ ഉമ്മാ....? നീ വെള്ളം കുടിച്ചോ എന്നുള്ള മറുചോദ്യത്തിൽ വായും ഉടുപ്പിൽ തുടച്ചു നോമ്പിനൊരു ഭംഗവും വന്നില്ല എന്നു മനസ്സിലുറപ്പിച്ചു വീണ്ടും നേരംപോക്കും. പിന്നെ പിന്നെ ഉമ്മ പറയാതെ തന്നെ മുഖം കഴുകലിന്റേം വായ കഴുകലിന്റേം ആവൃത്തി കൂടും. ഇതൊക്കെ കാണുന്നുണ്ടെങ്കിലും വായ കഴുകുമ്പോൾ കിട്ടുന്ന സുഖത്തിന്റെ ഗുട്ടൻസ് അറിയാമെങ്കിലും നോമ്പ് വിടാൻ ഉമ്മ നിർബന്ധിക്കാറില്ല.
പിന്നെ ഉച്ചയാകുമ്പോഴേക്കും ഉമ്മാടെടുത്തു രഹസ്യമായി ചോദിക്കും, കുട്ടികൾക്ക് ഉച്ചവരെ നോമ്പെടുത്താൽ മതിയല്ലേ? സംഗതിയുടെ പോക്കെന്താണെന്ന് തിരിച്ചറിയാവുന്ന ഉമ്മ, ഉപദേശത്തിന്റെ ഭാണ്ഡം അഴിക്കും. ഉമ്മാടെ മോൾ പോയി കുളിക്ക് തല തണുത്താൽ ഉഷാറാകും. കുളി കഴിഞ്ഞെത്തുമ്പോഴേക്കും ഉമ്മ നിസ്കാരം കഴിഞ്ഞ് അടുക്കളയിൽ കയറിയിട്ടുണ്ടാകും. കുളിയുടെ ഉഷാറിൽ കുറച്ചുസമയം കൂടി തള്ളി നീക്കും. കുറച്ചു കഴിയുമ്പോൾ വയറ്റിൽ എന്തോ ഉരുണ്ടു കേറുന്ന പോലെ തോന്നും. തറയിലെ തണുപ്പിൽ കിടന്നുരുളും മറിയും. വായ് കഴുകും. അവസാനം പതുക്കെ അടുക്കളയിലേക്ക്. നോമ്പ് മുറിയാതെ വിശപ്പുമാറണം എന്ന ആവശ്യം അവതരിപ്പിക്കും. ഉമ്മ ആരും കാണാതെ എന്തെങ്കിലുമൊക്കെ തന്ന് എന്റെ വിശപ്പടക്കും. ഒന്നുമറിയാത്ത പോലെ വീണ്ടും നോമ്പുകാരിയായി തുടരും. ...
വൈകീട്ട് പത്തിരിയും ഇറച്ചിയും തരിക്കഞ്ഞിയും ഈത്തപ്പഴവും ചായയും ഐസ് ഇട്ട നാരങ്ങാവെള്ളവും എല്ലാം തയാറാക്കി ബാങ്കിനായി കാത്തിരിക്കുമ്പോഴും എന്റെ നോമ്പിന്റെ സ്ഥിതി മറ്റാരും അറിയുന്നില്ല എന്നായിരുന്നു ധാരണ. ‘ഞങ്ങൾക്കെല്ലാർക്കും ഒരു നോമ്പ് പിടിച്ച കൂലിയാണെങ്കിൽ നിനക്ക് രണ്ടു നോമ്പിന്റെ കൂലി കിട്ടും’ എന്നു പറഞ്ഞു വാപ്പിച്ചി ചിരിക്കും. രാവിലെ മുതൽ ഉച്ചവരെ ഒരു നോമ്പ്. ഉച്ച മുതൽ വൈകുന്നേരം വരെ അടുത്ത നോമ്പ്. രണ്ടിനും കൂടി രണ്ടു കൂലി..
പക്ഷേ, എന്റെ പകുതി നോമ്പിന്റെ ഈ പരമരഹസ്യം വീട്ടിലെ അങ്ങാടിപ്പാട്ടാണെന്ന് ഞാൻ തിരിച്ചറിയുന്നത് വളരെ വൈകി മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

