ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾ ഇക്കാര്യങ്ങളും അറിയണം
text_fieldsകഴിഞ്ഞ ലക്കത്തിൽ സ്ഥിരനിക്ഷേപങ്ങളെപ്പറ്റിയും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും എഴുതിയിരുന്നു. ഈ ലക്കത്തിൽ അതുപോലെ പ്രധാനപ്പെട്ട മറ്റു ചില ബാങ്ക് നിക്ഷേപങ്ങളെപ്പറ്റി പറയാം.
റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി)
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു ഡെപ്പോസിറ്റ് സ്കീം ആണിത്. പല ബാങ്കുകളിലും പല പേരിലാണിത് അറിയപ്പെടുന്നത്. മാസം തോറും ഒരു നിശ്ചിത തുക അടച്ചാൽ കാലാവധി എത്തുന്ന മുറക്ക് അടച്ച തുകയും അന്നുവരെയുള്ള ആദായവും ചേർത്ത് നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട് അല്ലെങ്കിൽ വസ്തു വാങ്ങുക എന്നീ ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമായ ഒരു സ്കീം ആണിത്. സാധാരണയായി 10 വർഷം വരെ കാലാവധി ആകാം. ഉയർന്ന വരുമാനം കിട്ടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാഹരണമായി മാസം 5000 രൂപ 10 വർഷം അടക്കുകയാണെങ്കിൽ എട്ടുശതമാനം ആദായനിരക്കിൽ കാലാവധി എത്തുമ്പോൾ 9,18,083 രൂപ കിട്ടും. നിങ്ങളുടെ ആവശ്യം അനുസരിച്ച് ഒന്നിലധികം റെക്കറിങ് ഡെപ്പോസിറ്റുകൾ തുറക്കാവുന്നതാണ്. അതുപോലെതന്നെ കാലാവധി എത്തുമ്പോൾ കിട്ടുന്ന തുക ഒരു സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുകയും വീണ്ടും ഒരു ആർ.ഡി തുടങ്ങുകയും ചെയ്യാം. ഒരു അത്യാവശ്യം വരുമ്പോൾ ഇതിന്റെ ഈടിൽ തൽക്കാലത്തേക്ക് ഒരു ലോൺ അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് എടുക്കാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ചെറിയ സമ്പാദ്യങ്ങൾ വലിയ തുക ആയി മാറുന്ന ഒരു സംവിധാനമാണിത്. കൃത്യമായ ഇടവേളകളിൽ നിങ്ങൾ സമ്പാദിക്കുന്നു എന്നതും ഈ ഡെപ്പോസിറ്റിന്റെ പ്രത്യേകതയാണ്. നിലവിൽ എൻ.ആർ.ഇ അല്ലാത്ത നിക്ഷേപങ്ങൾക്ക് ആദായ നികുതി (ടി.ഡി.എസ്) ബാധകമാണ്. നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ആദ്യവസാനം ഒരേ വരുമാനം കിട്ടുന്നു എന്നതും ഒരു പ്രത്യേകതയാണ്. 10 വർഷത്തേക്ക് തുടങ്ങുന്ന ഈ ഒരു നിക്ഷേപത്തിന് ഇടക്കുവരുന്ന നിരക്കിലെ വ്യതാസങ്ങൾ ബാധകമല്ല. അതുകൊണ്ടുതന്നെ കാലാവധി എത്തുമ്പോൾ ഒരു നിശ്ചിത തുക കിട്ടുമെന്ന് ഉറപ്പിക്കാം.
നോൺ കാളബിൾ ഡെപ്പോസിറ്റ്
ഇത് സ്ഥിരനിക്ഷേപങ്ങളുടെ വിഭാഗത്തിൽപെടുന്നതാണ്. ഇത് താരതമ്യേന ഒരു പുതിയ സ്കീം ആണ്. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതൽ വരുമാനം കിട്ടുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ ഈ ഡെപ്പോസിറ്റുകൾ കാലാവധി എത്തുന്നതിനുമുന്നേ ക്ലോസ് ചെയ്യാനോ അല്ലെങ്കിൽ ഈ ഡെപ്പോസിറ്റിൽ ഓവർഡ്രാഫ്റ്റ് അല്ലെങ്കിൽ ലോൺ എടുക്കാനോ അനുവദിക്കുകയില്ല. പല ബാങ്കുകളിലും ഇത്തരം ഡെപ്പോസിറ്റുകൾ മിനിമം ഒരു കോടി രൂപയാണ്. ഒന്നുമുതൽ മൂന്നുവർഷം വരെ കാലാവധി ഉണ്ടാകും. അതുകൊണ്ട് ഉടനെ തുക ആവശ്യമില്ലാത്തവർക്ക് കൂടുതൽ വരുമാനം കിട്ടാവുന്ന ഒരു സ്കീം ആണിത്. വലിയ നിക്ഷേപം ഇടുന്നവർക്ക് ഒരു തുക ഇത്തരം സ്കീമുകളിൽ ഇടാവുന്നതാണ്.
ഓട്ടോ സ്വീപ് സംവിധാനം
ധാരാളം തുക സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നവർക്ക് അനുയോജ്യമായൊരു സൗകര്യമാണിത്. നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ തുക ഒരു പരിധി കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയി ഒരു ഫിക്സഡ് ഡെപ്പോസിറ്റിലേക്കു മാറ്റാം. അങ്ങനെ മാറ്റപ്പെടുന്ന തുകക്ക് എസ്.ബി വരുമാനത്തിന് പകരം സ്ഥിരനിക്ഷേപത്തിന്റെ വരുമാനം കിട്ടുന്നു എന്നുള്ളതാണ് പ്രത്യേകത. അപ്പോൾ നിങ്ങൾക്ക് നിരവധി ചെറുനിക്ഷേപങ്ങൾ ഉണ്ടാകും. അത്യാവശ്യം വരുമ്പോൾ ഈ ചെറുനിക്ഷേപങ്ങൾ പിഴ കൂടാതെ പിൻവലിച്ച് കാര്യങ്ങൾ നടത്താം.
ഓരോ ബാങ്കുകളും അവരുടെ ഇടപാടുകാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. തുകയുടെ അളവ്, കാലാവധി, എന്നിങ്ങനെ ഉള്ള സംഗതികൾ കണക്കിലെടുത്താണ് ഡെപ്പോസിറ്റുകളുടെ ആദായം നിശ്ചയിക്കുന്നത്. ആദായം സിമ്പിൾ റേറ്റിൽ ആയാലും കോമ്പൗണ്ട് റേറ്റിൽ ആയാലും ആദായത്തിന്റെ റേറ്റ് ഒന്ന് തന്നെ ആയിരിക്കും. ബാങ്കുകൾ ത്രൈമാസികാടിസ്ഥാനത്തിൽ ആദായം കൊടുക്കുകയും ആദായത്തിനുകൂടി ആദായം കൊടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് കൂടുതൽ ആദായമായി തോന്നുന്നത്.
മ്യൂച്വൽ ഫണ്ടുളെ പോലെ ബാങ്ക് നിക്ഷേപങ്ങൾക്ക് വരുമാനത്തിൽ ചാഞ്ചാട്ടം ഇല്ലെങ്കിലും പ്രധാനമായും രണ്ടു റിസ്കുകൾ ആണ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ളത്. ഒന്നാമതായി ഡീഫോൾട് റിസ്ക്, അതായത് ബാങ്കുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിക്ഷേപം തിരികെ കിട്ടുന്നതിനുള്ള പ്രയാസം. രണ്ടാമതായി റീ-ഇൻവെസ്റ്റ്മെന്റ് റിസ്ക്. അതായത് നിക്ഷേപം കാലാവധി എത്തുമ്പോൾ വീണ്ടും നിക്ഷേപം പുതുക്കുന്നു. പുതുക്കുമ്പോൾ അപ്പോൾ നിലവിൽ ഉള്ള ആദായത്തിനായിരിക്കും പുതുക്കുന്നത്. ഇതിനുള്ള പരിഹാരങ്ങൾ വരും ലക്കങ്ങളിൽ പ്രതിപാദിക്കാം.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

