തെരഞ്ഞെടുപ്പുകളും മാറേണ്ട കാഴ്ചപ്പാടുകളും
text_fieldsമുഹമ്മദ് സുൽ അമീൻ, മുലദ്ദ
വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം. തദ്ദേശ സ്വയംഭരണ മാതൃകയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ നമ്മൾ മനസ്സിലാക്കിയതുപോലെ മറ്റു തെരഞ്ഞെടുപ്പുകളിൽനിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന ചില വസ്തുതകൾ ഉണ്ട്. അത് ഘടനാപരമായ ഒരു മാറ്റം എന്നതിലുപരി സമീപനത്തിലെയും കാഴ്ചപ്പാടുകളിലെയും പുതിയ കൂട്ടിച്ചേർക്കലുകൾ എന്ന നിലക്ക് കൂടിയാണ്. രാഷ്ട്രീയം സംസാരിക്കുന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പുകളും.
പക്ഷേ അതിലുപരി ചർച്ചയാകുന്നത് വ്യക്തിബന്ധങ്ങളാണ്. പ്രത്യക്ഷത്തിൽ രാഷ്ട്രീയവത്കരിക്കപ്പെടാത്ത പ്രശ്നങ്ങളാണ്. പലപ്പോഴും പ്രാദേശികതയുടെ വേലിക്കെട്ടുകൾക്കപ്പുറത്തുള്ള, കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള കാര്യങ്ങളും ചൂടേറിയ ചർച്ചാവിഷയങ്ങൾ ആവാറുണ്ട്.
കേരളത്തിൽ തദ്ദേശസ്വയംഭരണ ചരിത്രത്തിന്റെ ഒരു പുതിയ അധ്യായം തുടങ്ങുന്നത് 1995 ലാണ്. ഭരണഘടനയുടെ 73, 74 ഭേദഗതികൾ പ്രകാരം ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് അധികാരം എത്തിച്ച വിസ്മരിക്കാനാവാത്ത തെരഞ്ഞെടുപ്പ് കേരളത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യത്തെ ജനകീയ തെരഞ്ഞെടുപ്പ് എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടി. ജനാധിപത്യസംവിധാനത്തിൽ വോട്ടറിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത് സൂക്ഷ്മതയാണ്. സ്ഥാനാർഥികളുടെ പശ്ചാത്തലം, മുൻകാല പ്രവർത്തനങ്ങൾ, വികസന ദർശനം എന്നിവ മനസ്സിലാക്കി മാത്രം വോട്ട് രേഖപ്പെടുത്തണം. പാർട്ടി നിലപാടുകളും പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഉണ്ടാവാറുള്ള ഉയർന്ന പോളിങ് ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന്റെ സൂചിക തന്നെയാണ്.
പാലക്കാട് ജില്ലയുടെ വടക്കുകിഴക്കുഭാഗത്ത് മണ്ണാർക്കാട് താലൂക്കിന്റെ ഭാഗമാണ് എന്റെ അലനല്ലൂർ പഞ്ചായത്ത്. ജില്ല ആസ്ഥാനമായ പാലക്കാട് ടൗണിൽ നിന്ന് ഏകദേശം 54 കിലോമീറ്റർ. മണ്ണാർക്കാട് ടൗണിൽ നിന്ന് 15 കിലോമീറ്റർ മാത്രം. പതിനെട്ടാം നൂറ്റാണ്ടിൽ ഇത് വള്ളുവനാട് രാജവംശത്തിന്റെ കീഴിലുള്ള അലനല്ലൂർ അംശം ആയിരുന്നു. 18 വാർഡുകളായി തരംതിരിച്ചിരിക്കുന്ന ഈ പഞ്ചായത്തിന്റെ ആസ്ഥാനം അലനല്ലൂർ ടൗണിലാണ്. വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള പഞ്ചായത്തുകളിൽ ഒന്നാണ് അലനല്ലൂർ.
പഞ്ചായത്ത് ഭരണത്തിൽ സംവരണങ്ങൾക്ക് ഉപരിയായുള്ള സ്ത്രീ പ്രാതിനിധ്യം ശക്തമാണ്. യുവജനപങ്കാളിത്തത്തിന്റെ കാര്യത്തിലും ഒട്ടും പുറകിലല്ല. വികസനകാര്യത്തിൽ രാഷ്ട്രീയം പാടില്ല എന്നുള്ളത് തന്നെയാണ് ഇവിടത്തുകാരുടെയും നിലപാട്. അത് പുതിയ പൈപ്പ് ലൈൻ കുടിവെള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്ന കാര്യത്തിലും പി.എച്ച്.സിയുമായി ബന്ധപ്പെടുത്തിയുള്ള ഡയാലിസിസ് യൂനിറ്റിന്റെ രൂപീകരണ കാര്യത്തിൽ ആയാലും.
ഇന്ന് അലനല്ലൂർ നിൽക്കുന്നത് ഒരു വഴിത്തിരിവിലാണ്, പഴയ ഗ്രാമീണ സൗന്ദര്യവും പുതിയ വികസനവും ഒരുമിച്ച് ചേർക്കേണ്ട നിർണായക ഘട്ടത്തിൽ. വിശാല കാഴ്ചപ്പാടോടുകൂടിയുള്ള വികസനവും രാഷ്ട്രീയവും സമം ചേർത്താൽ ഈ നാട് കേരളത്തിന്റെ മാതൃകാപഞ്ചായത്തായി മാറും. അത്തരത്തിൽ ദീർഘവീക്ഷണമുള്ള ഒരു ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനാവട്ടെ ജനങ്ങളുടെ വോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

