തെരഞ്ഞെടുപ്പ്; പ്രതികരണവുമായി പ്രവാസി സംഘടനകൾ
text_fieldsമത്രയിലെ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദം
മസ്കത്ത്: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ പ്രവാസ ലോകത്തുനിന്നും പ്രതികരണവുമായി വിവിധ സംഘടന നേതാക്കൾ രംഗത്തെത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മിന്നും ജയം ജനദ്രോഹ സർക്കാറിനെതിരെയുള്ള ജനവിധിയാണെന്ന് മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് റഈസ് പറഞ്ഞു. വിജയം അണികളുടെ ആത്മ വിശ്വാസം വർധിപ്പിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരം പിടിക്കുമെന്നതിന്റെ സൂചനയാണ് ഈ വിജയം. ശക്തമായ നേതൃപാടവമുള്ള നേതാക്കളും ചിട്ടയായി പ്രവർത്തിച്ച അണികളുമാണ് യു.ഡി.എഫിന്റെ ശക്തി. ജനഹിതം നോക്കാതെയുള്ള ദുർ ഭരണവും അവിശുദ്ധ കൂട്ടുകെട്ടും തേടിപ്പോയ ഇടതു പക്ഷ സർക്കാറിനെ ജനങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻകാസ് ഒമാൻ പ്രസിഡന്റ് സന്തോഷ് പള്ളിയക്കൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിൽകണ്ട് സന്തോഷം അറിയിച്ചു. ഞായറാഴ്ച രാവിലെ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലെത്തിയാണ് അദ്ദേഹത്തെ കണ്ടത്. ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി നേതാക്കളെ നാട്ടിലെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങൾക്കും രാഷ്ട്രീയ നെറികേടുകൾക്കും എതിരെയുള്ള വിധിയെഴുത്താണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വിളിച്ചോതുന്നതെന്ന് പ്രവാസി വെൽഫെയർ സലാല അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടിയുടെ മേൽ വർഗീയാരോപണം ഉന്നയിച്ച് ഭൂരിപക്ഷ വോട്ടുകൾ പെട്ടിയിലാക്കാൻ മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങൾ പ്രബുദ്ധ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞതായി പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള പല ചെറിയ പാർട്ടികളേക്കാളുമേറെ വാർഡുകളിൽ വിജയിച്ച വെൽഫെയർ പാർട്ടി കേരള രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് വൈസ് പ്രസിഡൻറ് രവീന്ദ്രൻ നെയ്യാറ്റിങ്കര പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ സജീബ് ജലാൽ, തസ്റീന ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മികച്ച വിജയം മത്ര കെ.എം.സി.സി പ്രവർത്തകർ ആഘോഷിച്ചു. മത്ര സൂഖിൽ പായസം വിതരണം ചെയ്തും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. പ്രസിഡന്റ് ഫൈസൽ മാസ്റ്റർ, ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി, ട്രഷറർ ഖലീൽ മത്ര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

