സോഷ്യൽ മീഡിയയിൽ ആരോഗ്യ പ്രൊഡക്ടുകൾ പ്രചരിപ്പിക്കാറുണ്ടോ? ഒമാനിലെ നടപടികളെ കുറിച്ച് ജാഗ്രത വേണം
text_fieldsമസ്കത്ത്: മതിയായ ലൈസൻസില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോ വെബ്‌സൈറ്റുകളോ വഴി മരുന്നുകളും ആരോഗ്യ സംബന്ധിയായ ഉൽപന്നങ്ങളും പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതിനെതിരെ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കർശന മുന്നറിയിപ്പ് നൽകി.
ആവശ്യമായ ലൈസൻസുകളില്ലാതെ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നതോ പരസ്യം ചെയ്യുന്നതോ ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാണെന്നും ഒമാനിലെ നിയമപ്രകാരം വിൽപനക്കാരും പരസ്യദാതാക്കളും നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കൾ, ഹെർബൽ മരുന്നുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്.
അംഗീകാരമില്ലാത്ത ഉൽപന്നങ്ങൾ വ്യാജമോ, ഗുണനിലവാരമില്ലാത്തതോ അല്ലെങ്കിൽ കാലാവധി കഴിഞ്ഞതോ ആവാൻ സാധ്യതയുണ്ടെന്നും ഇത് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാൽ, ഇത്തരം ഉൽപന്നങ്ങൾ പരസ്യം ചെയ്യുന്നതിനോ വിൽക്കുന്നതിനോ മുമ്പ് അവക്ക് ആവശ്യമായ ലൈസൻസുകളുണ്ടെന്ന് വാണിജ്യ സ്ഥാപനങ്ങളും ഓൺലൈൻ വിൽപനക്കാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഒമാൻ വിപണിയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും ലൈസൻസിങ് ചട്ടങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

