ദോഫാർ ഖരീഫ് സീസൺ: സലാലയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന; 25 കടകൾ അടപ്പിച്ചു
text_fieldsമസ്കത്ത്: 2026-ലെ ദോഫാർ ഖരീഫ് സീസണിന് മുന്നോടിയായി സലാലയിലുടനീളം ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. ആരോഗ്യ നിയമാവലികൾ ലംഘിച്ചതായി കണ്ടെത്തിയ 25 ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. നഗരസഭയുടെ ഹെൽത്ത് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹെൽത്ത് കൺട്രോൾ സെക്ഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി വിപുലമായ പരിശോധനകളാണ് നടത്തിവരുന്നത്. മുനിസിപ്പാലിറ്റി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പരിശോധനാ സംഘങ്ങൾ 900 ഫീൽഡ് സന്ദർശനങ്ങൾ നടത്തുകയും 150 ആരോഗ്യ നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ 60 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ്, ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. റസ്റ്റോറന്റുകൾ, കഫേകൾ, രാത്രികാല ഭക്ഷണശാലകൾ, ഒമാന്റെ പരമ്പരാഗത ഗ്രിൽഡ് ഇറച്ചി വിഭവമായ 'മിഷ്കാക്' വിൽക്കുന്ന കടകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങൾ ഇവയിൽ ഉൾപ്പെടും.നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. ദോഫാർ ഖരീഫ് സീസണിൽ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ ഭക്ഷണ അന്തരീക്ഷം ഉറപ്പാക്കുന്നതിനും സേവന നിലവാരം നിലനിർത്തുന്നതിനുമായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ഏകോപിപ്പിച്ച് ഇത്തരം പരിശോധനകളും നിരീക്ഷണ പരിപാടികളും തുടരുമെന്നും നഗരസഭ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

