അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും
text_fields‘ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു തെരഞ്ഞെടുപ്പായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ കണക്കാക്കാം. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇടയിൽ നല്ല സ്വാധീനമുള്ള മികച്ച സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കുന്നു. സമൂഹ മാധ്യമങ്ങളുടെ വലിയ സ്വാധീനവും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും നടക്കുന്ന വർത്തമാനകാലത്ത് അരാഷ്ട്രീയവത്കരിക്കപ്പെടുന്ന യുവജനങ്ങളെ കൂട്ടായ്മയിലൂടെ വികസനം ചർച്ച ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഭാഗം ആക്കി മാറ്റുന്നതിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്’
കേരളം വീണ്ടും ഒരു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ജനാധിപത്യഭരണത്തിൽ തെരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട് ജനപങ്കാളിത്തം ഉറപ്പുവരുത്തിയുള്ള വികസനപ്രക്രിയയാണ് ഇന്ന് കേരളത്തിൽ നടന്നുവരുന്നത്.
അതുകൊണ്ടുതന്നെ ത്രിതല പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിൽ മറ്റ് തെരഞ്ഞെടുപ്പുകളെക്കാൾ വലിയ താൽപര്യത്തോടെ ജനങ്ങൾ പങ്കുകൊള്ളുന്നത് കാണാം. തങ്ങളിൽ ഒരാളായി ജനങ്ങൾ സ്ഥാനാർഥിയെ കണക്കാക്കുകയും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഒരു തെരഞ്ഞെടുപ്പായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ കണക്കാക്കാം.
അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇടയിൽ നല്ല സ്വാധീനമുള്ള മികച്ച സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കുന്നു. സമൂഹമാധ്യമങ്ങളുടെ വലിയ സ്വാധീനവും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും നടക്കുന്ന വർത്തമാനകാലത്ത് അരാഷ്ട്രീയവത്കരിക്കപ്പെടുന്ന യുവജനങ്ങളെ കൂട്ടായ്മയിലൂടെ വികസനം ചർച്ച ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഭാഗമാക്കി മാറ്റുന്നതിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
ഓരോ പ്രദേശത്തും നടത്തേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രാമസഭ ചർച്ച ചെയ്യുകയും ഗവൺമെന്റിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുന്നതുപോലുള്ള പദ്ധതികൾക്കർഹരായവരെ കണ്ടെത്തി മുൻഗണനാ ലിസ്റ്റ് തയാറാക്കുന്നതിൽ ഒക്കെ ഗ്രാമസഭകൾ വലിയ പങ്കു വഹിക്കുന്നു. അതിനൊക്കെ നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയാണ് ജനങ്ങൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലൂടെ തെരഞ്ഞെടുക്കുന്നത് എന്ന് കാണാം.
വീടുകൾ കയറിയുള്ള സ്ഥാനാർഥികളുടെ വോട്ട് അഭ്യർഥനയും തെരഞ്ഞെടുപ്പ് കൺവെൻഷനുകളും മറ്റു രീതിയിലുള്ള പ്രചാരണപ്രവർത്തനങ്ങളും ഒക്കെ തെരഞ്ഞെടുപ്പ് ഓർമകളാണ്. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പുദിവസം വളരെ പ്രായമായവരെ വോട്ട് ചെയ്യിക്കുന്നതിന് വാഹനങ്ങളിൽ അല്ലാതെ മറ്റുമാർഗങ്ങൾ അവലംബിച്ച് തെരഞ്ഞെടുപ്പ് ബൂത്തുകളിലേക്ക് എത്തിക്കുന്നതൊക്കെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് തെരഞ്ഞെടുപ്പ് ദിവസം ഒരു വീട് കേന്ദ്രീകരിച്ച് പ്രദേശത്തെ ആളുകൾ കൂട്ടായി ചേർന്നുകൊണ്ട് ഭക്ഷണം ഒരുക്കുകയും ദൂരെ നിന്നുവരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തലേദിവസം താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലൊക്കെ പ്രദേശത്തെ രാഷ്ട്രീയപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്നും മനസ്സിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഓരോ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും പ്രവാസജീവിതം നയിക്കുമ്പോൾ പഴയകാല ഓർമകളിലേക്ക് നയിക്കുന്നു.
അധികാരവികേന്ദ്രീകരണത്തിലൂടെ ജനപങ്കാളിത്തം ഉറപ്പുവരുത്തിയുള്ള വികസനപ്രവർത്തനങ്ങൾ നടത്തി കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നതിൽ നമുക്ക് അഭിമാനിക്കാം. നാളത്തെ മികച്ച ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള മഹനീയ അവസരമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറട്ടെ എന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

