മേഖലയിലെ സംഘർഷം; ഇറാനിൽനിന്ന് തിരിച്ചെത്തിച്ചത് 2,013 പേരെ
text_fieldsഇറാനിൽനിന്ന് ഒമാനി പൗരന്മാരെ തിരികെ കൊണ്ടുവരുന്നു
മസ്കത്ത്: മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് ആകെ 2,013 പേരെയാണ് വിജയകരമായി സുൽത്താനേറ്റിൽ എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങൾ പാലിച്ച്, വിദേശകാര്യ മന്ത്രാലയം, സൈനിക, സുരക്ഷ, സിവിലിയൻ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇറാനിൽനിന്ന് ഒമാനി പൗരന്മാരെ തിരിച്ചെത്തിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയത്. ഒമാനി പൗരന്മാരുടെയും ഓപറേഷനിൽ ഉൾപ്പെട്ട എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെയും ഭാഗമായാണ് ഈ നടപടി സ്വീകരിച്ചത്.
തുർക്കിയ, ഇറാഖ്, തുർക്മെനിസ്താൻ എന്നിവിടങ്ങളിലെ പ്രധാന അതിർത്തി ക്രോസിങ്ങുകൾ വഴിയായിരുന്നു പൗരന്മാരെ കൊണ്ടുവന്നിരുന്നത്. തെഹ്റാനിലെ ഒമാൻ എംബസിയുമായുള്ള ഏകോപനത്തോടെ, സുരക്ഷിതവും സുഗമവുമായി സ്വദേശത്തേക്ക് കൊണ്ടുപോകൽ പ്രക്രിയ ഉറപ്പാക്കുന്നതിന് ഗതാഗത സൗകര്യങ്ങളും ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും മന്ത്രാലയം മേൽനോട്ടം വഹിക്കുകയും ചെയ്തു.
ഇറാനിൽനിന്നുള്ള ഒമാൻ പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ 24 മണിക്കൂറും വിദേശകാര്യ മന്ത്രാലയം നടത്തിയിരുന്നുവെന്ന് മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആശയവിനിമയത്തിന് മന്ത്രാലയത്തിന്റെ ആപ്പ്, വാട്സ്ആപ് പ്ലാറ്റ്ഫോമുകൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

