പുരസ്കാര മികവിൽ ദോഫാർ ഖരീഫ് സീസൺ
text_fieldsഖരീഫ് സീസണിൽ ദോഫാറിലെ ഒരു കുന്നിൻ മുകളിലെ കോടമഞ്ഞിന്റെ ദൃശ്യം
മസ്കത്ത്: ലണ്ടൻ അറേബ്യ ഓർഗനൈസേഷൻ സംഘടിപ്പിച്ച അറബ് ട്രാവൽ അവാർഡ്സിൽ 2025ലെ ‘ഔട്ട്സ്റ്റാൻഡിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഓഫ് ദി ഇയർ’ പുരസ്കാരം ദോഫാർ ഖരീഫ് സീസൺ നേടി. ലോക ടൂറിസം രംഗത്തെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുത്ത ചടങ്ങിൽ പുരസ്കാരം ദോഫാർ മുനിസിപ്പാലിറ്റിയുടെ പ്രതിനിധി സ്വീകരിച്ചു.
ഖരീഫ് സീസണിൽ ദോഫാറിലെ ഒരു അരുവിയുടെ തീരത്തെത്തിയ വിനോദ
സഞ്ചാരികൾ
അവാർഡ് ദോഫാർ മേഖലയിലെ വർഷകാല ടൂറിസത്തിന്റെ വളർച്ചയും അതിന്റെ അന്താരാഷ്ട്ര സ്വീകാര്യതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി. പ്രകൃതിദൃശ്യ സൗന്ദര്യവും സവിശേഷ കാലാവസ്ഥയും ദോഫാറിനെ വർഷം മുഴുവൻ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന ഘടകങ്ങളാണെന്ന് അവാർഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി. വർഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രമായി മാറുന്ന സവിശേഷമായ പ്രകൃതിയാണ് ദോഫാറിലേത്. അതിനെ ടൂറിസം മന്ത്രാലയവും ദോഫാർ മുനിസിപ്പാലിറ്റിയും ഫലപ്രദമായി പ്രയോജനപ്പെടുത്തിയതോടെയാണ് ഖരീഫ് സീസണിൽ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ മാറിയത്. ആ പരിശ്രമങ്ങൾക്കുള്ള വിലയേറിയ പുരസ്കാരമാണ് ഇപ്പോൾ ദോഫാറിനെ തേടിയെത്തിയിരിക്കുന്നത്.
ഖരീഫ് സീസണിൽ ദോഫാറിലെ കടൽതീരത്തുനിന്നുള്ള കാഴ്ച
ഈ നേട്ടം ദോഫാർ ഖരീഫിന് ആഗോളതലത്തിൽ അംഗീകാരം വർധിക്കുന്നതിന്റെ തെളിവാണെന്നും ഒമാന്റെ സ്ഥിരതയുള്ള ടൂറിസം വികസന ശ്രമങ്ങളുടെ ഫലമാണിതെന്നും ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർകി അൽ സഈദ് ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഖരീഫ് സീസൺ സർക്കാറിന്റെയും സ്വകാര്യ മേഖലയുടെയും പ്രാദേശിക ജനങ്ങളുടെയും ഏകോപനത്തോടെ നടപ്പാക്കുന്ന സംയോജിത ടൂറിസം മാനേജ്മെന്റിന്റെ മികച്ച മാതൃകയാണ്. പ്രകൃതിയുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും പ്രതീകമായി ദോഫാറിലെ ഖരീഫ് ടൂറിസ്റ്റ് സീസൺ വളർന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക -വിനോദപരിപാടികളും സമന്വയിപ്പിക്കുന്ന വ്യത്യസ്ത വിനോദ അനുഭവമാണ് ഇത് സന്ദർശകർക്ക് നൽകുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഒമാന്റെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയായാണ് ഈ പുരസ്കാരത്തെ അധികൃതർ വിലയിരുത്തുന്നത്. പ്രമുഖ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദോഫാറിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ പുരസ്കാരം ആത്മവിശ്വാസം പകരുന്നു. ഗവർണറേറ്റിലെ വിവിധ പങ്കാളികളുടെ സഹകരണ ശ്രമങ്ങളുടെ ഫലമാണ് ഈ അന്താരാഷ്ട്ര അംഗീകാരമെന്ന് പുരസ്കാരം സ്വീകരിച്ച ദോഫാർ മുനിസിപ്പാലിറ്റി പ്രതിനിധി വിശദമാക്കി. അന്താരാഷ്ട്ര ആകർഷണം, സാംസ്കാരിക, പാരിസ്ഥിതിക, വിനോദ പ്രവർത്തനങ്ങളുടെ വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം എന്നിവയുൾപ്പെടെ നിരവധി സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് ലണ്ടൻ അറബ് ഫൗണ്ടേഷൻ ദോഫാറിനെ മികച്ച ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്.
ദോഫാർ ഖരീഫ് 2025 സീസണിനായി ‘യുവർ സമ്മർ ഇൻ ഗ്രീൻ’ എന്ന മുദ്രാവാക്യത്തിൽ വിപുലമായ പ്രചാരണ കാമ്പയിൻ നടപ്പാക്കിയിരുന്നതായി ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി അയ്സാൻ ബിൻ ഖാസിം അൽ ബുസൈദി പറഞ്ഞു. ഒമാനിലും ഗൾഫ് രാജ്യങ്ങളിലും വിപുലമായ മാർക്കറ്റിങ് പ്രവർത്തനങ്ങൾ, മൊബൈൽ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഡിജിറ്റൽ പ്രചാരണങ്ങളിലൂടെ ഏകദേശം ആറു മില്യൺ ആളുകൾ ദോഫാർ ഖരീഫിനെ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ദോഫാർ മേഖലയിൽ ഈ വർഷം പുതിയ ഹോട്ടൽ സൗകര്യങ്ങൾ തുറന്നതോടെ ഗവർണറേറ്റിലെ മൊത്തം താമസ സൗകര്യം 8,000 റൂമായി ഉയർന്നു. അറബ് ലോകവും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധം പ്രോത്സാഹിപ്പിക്കുന്ന യു.കെയിലെ മുൻനിര സംഘടനയിലൊന്നാണ് ലണ്ടൻ അറേബ്യ ഓർഗനൈസേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

