നിസ്വയിലെ വാദി അൽ അബ് യദിൽ വൻ തീപിടിത്തം
text_fieldsവെള്ളിയാഴ്ച രാത്രി ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലെ വാദി അൽ അബ് യദിലുണ്ടായ തീപിടിത്തം അണക്കാനുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ശ്രമം. ഏക്കർകണക്കിന് മേഖലയിൽ തീ പടർന്നതോടെ
നിരവധി മരങ്ങൾ കത്തിനശിച്ചു. തീയണക്കൽ പരിശ്രമം ശനിയാഴ്ച രാവിലെ വരെയും തുടർന്നു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലെ വാദി അൽ അബ് യദിൽ ഗാഫ് അൽ ശൈഖ് പ്രദേശത്ത് വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഏക്കർകണക്കിന് മേഖലയിൽ തീ പടർന്നതോടെ നിരവധി മരങ്ങൾ കത്തിനശിച്ചു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ മണിക്കുറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, നിസ്വയിലെ തീപിടിത്തത്തിന് ശേഷം വൈദ്യുതി വിതരണത്തിൽ തടസ്സമൊന്നും നേരിട്ടിട്ടില്ലെന്ന് നമ ഇലക്ട്രിസിറ്റി അധികൃതർ അറിയിച്ചു. നിസ്വയിലെ തീപിടിത്തത്തിൽ വൈദ്യുതി തൂണുകളും വയറുകളും കേടായെങ്കിലും വൈദ്യുതി വിതരണത്തിൽ ഒരു തടസ്സവും ഉണ്ടായില്ല.
അപകടം നടന്നയുടൻ അടിയന്തര നടപടികൾ സ്വീകരിച്ചു. വൈദ്യുതി കണക്ഷൻ ബദൽ സർക്യൂട്ടുകളിലേക്ക് തിരിച്ചുവിട്ടതിലൂടെ താമസ മേഖലകളിലേക്കും പ്രധാന സൗകര്യങ്ങളിലേക്കും വൈദ്യുതി തടസ്സപ്പെടാതെ ഉറപ്പാക്കിയതായി അവർ വ്യക്തമാക്കി.
നമ ഇലക്ട്രിസിറ്റി സംഘങ്ങൾ സ്ഥലത്ത് രാത്രി മുഴുവൻ പ്രവർത്തിച്ച് കേടായ വൈദ്യുതി തൂണുകൾ പുനഃസ്ഥാപിക്കുന്നതിനും പകരം വെക്കുന്നതിനും നടപടികൾ കൈക്കൊണ്ടതായി കമ്പനി അറിയിച്ചു.
പരിശോധനയും അറ്റകുറ്റപ്പണിയും പൂർത്തിയാകുന്നതുവരെ കേടായ തൂണുകൾക്കും വൈദ്യുതി വയറുകൾക്കും സമീപം ആളുകൾ പെരുമാറരുതെന്ന് നമ ഇലക്ട്രിസിറ്റി അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

