ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകോപനം വർധിപ്പിക്കും
text_fieldsജി.സി.സി വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വെർച്വൽ യോഗത്തിൽനിന്ന്
കുവൈത്ത് സിറ്റി: രാഷ്ട്രീയ, സുരക്ഷാ ഏകോപനം വർധിപ്പിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കി ജി.സി.സി കാര്യങ്ങളുടെ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി നജീബ് അൽ ബദർ. മേഖലയുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കലും ഭീഷണികളെ നേരിടലും ഇതുവഴി ലക്ഷ്യമിടുന്നതായും അദ്ദേഹം റഞ്ഞു. കുവൈത്തിന്റെ അധ്യക്ഷതയിൽനടന്ന ജി.സി.സി വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വെർച്വൽ യോഗത്തിന് പിറകെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ജി.സി.സി മന്ത്രിതല കൗൺസിലിന്റെ 48ാമത് അസാധാരണ സമ്മേളനത്തിന്റെ തുടർച്ചയായാണ് യോഗംചേർന്നത്.
ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന നിലവിലെ സംഭവവികാസങ്ങളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായി അൽ ബദർ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, വിതരണ ശൃംഖലകളുടെ സുസ്ഥിരത ഉറപ്പാക്കൽ, അടിയന്തര ആരോഗ്യ പ്രതികരണ സന്നദ്ധത മെച്ചപ്പെടുത്തുക എന്നിവയുൾപ്പെടെയുള്ള മാനുഷികവും പാരിസ്ഥിതികവുമായ വിഷയങ്ങളും വിലയിരുത്തി.
അടിയന്തര പദ്ധതികൾ അപ്ഡേറ്റ് ചെയ്യൽ, ബഹുമുഖ അപകടസാധ്യതകൾ വിലയിരുത്തൽ എന്നിവയെക്കുറിച്ചുള്ള അംഗരാജ്യങ്ങളിൽനിന്നുള്ള നിർദേശങ്ങളും വിദഗ്ദ്ധ റിപ്പോർട്ടുകളും യോഗം അവലോകനം ചെയ്തു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ തുടർച്ചയായ ഏകോപനം നിലനിർത്തുന്നതിന് ഇത്തരം മീറ്റിംഗുകൾ പതിവായി നടത്തേണ്ടതിന്റെ പ്രാധാന്യവും അൽ ബദർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

