സീസണിൽ ഇരട്ടി നിരക്ക്; ഓഫ് സീസണിൽ റദ്ദാക്കൽ ഇതെന്തു സർവിസ്...!
text_fieldsകുവൈത്ത് സിറ്റി: ആഘോഷ, അവധിദിനങ്ങൾ, സ്കൂൾ അടക്കൽ തുടങ്ങിയ തിരക്കേറിയ സീസണിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ മൂന്നും നാലും മടങ്ങ് നിരക്ക് ഈടാക്കുകയും ഓഫ് സീസണിൽ വിമാനം റദ്ദാക്കുകയും ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ കടുത്ത പ്രതിഷേധം. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സംഘടനകളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
സീസണൽ ടിക്കറ്റ് വർധനക്കെതിരെ നേരത്തേ പ്രവാസികൾക്കിടയിൽ പ്രതിഷേധമുണ്ട്. ഇതിനിടെയാണ് ഓഫ് സീസണിൽ വിമാനം പൂർണമായി റദ്ദാക്കുന്നത്.
തിരക്കേറിയ സമയത്ത് ടിക്കറ്റ് നിരക്ക് ഉയരുമെന്നതിനാൽ പലരും നാട്ടിൽ പോയിവരാൻ ഓഫ് സീസൺ തിരഞ്ഞെടുക്കാറുണ്ട്. ഇത്തരക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് എയർഇന്ത്യ എക്സ്പ്രസിന്റെ തീരുമാനം.
കുവൈത്തിൽ കുടുംബസന്ദർശന വിസ ലളിതമാക്കിയതോടെ മലബാറിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ എയർഇന്ത്യ എക്സ്പ്രസിനെ ആശ്രയിക്കുന്നുണ്ട്. നേരത്തേ കുവൈത്ത് എയർവേയ്സ്, ജസീറ എന്നിവയിൽ മാത്രമായിരുന്നു ഇത്തരം വിസയിൽ സഞ്ചരിക്കാൻ അനുമതി. അടുത്തിടെയാണ് ഇത് ഒഴിവാക്കിയത്. ഇതോടെ മലബാറിൽനിന്നുള്ള യാത്രക്കാർ ആശ്വാസത്തിലായിരുന്നു. ഇവരും ഇനി പ്രയാസത്തിലാകും.
പോയന്റ് ഓഫ് കാൾ പദവിയില്ലാത്ത കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് മാത്രമേ വിദേശത്തേക്ക് നേരിട്ട് യാത്രാനുമതിയുള്ളൂ. എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നിർത്തലാക്കുന്നതോടെ കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ വഴി മുട്ടും.
വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി കുവൈത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസുകളാണ് നിലവിൽ നിർത്തിവെക്കുന്നത്.
പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും -പ്രവാസി വെൽഫെയർ
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവിസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രവാസി വെൽഫെയർ. പ്രവാസികളുടെ യാത്രാവകാശങ്ങൾക്കു നേരെയുള്ള വെല്ലുവിളിയാണ് ഈ നടപടി. സർവസുകൾ വെട്ടിക്കുറയ്ക്കുന്നത് വഴി കോഴിക്കോട്, കണ്ണൂർ യാത്രക്കാർ മറ്റ് എയർലൈനുകളെയോ കണക്ഷൻ ഫ്ലൈറ്റുകളെയോ ആശ്രയിക്കേണ്ടി വരും. ഇത് ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുകയും, യാത്രാ സമയം വർധിപ്പിക്കുകയും ചെയ്യും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി വിമാന കമ്പനികൾ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ പ്രവാസികളോടുള്ള അവഗണനയാണെന്നും പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
വെട്ടിക്കുറച്ച സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും പുതിയ സർവിസുകൾ ആരംഭിച്ച് സീറ്റുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരോടും ആവശ്യപ്പെട്ടു.
പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ച് കേരളത്തിലും കുവൈത്തിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി പ്രക്ഷോഭ പരിപാടികൾക്ക് പ്രവാസി വെൽഫെയർ കുവൈത്ത് നേതൃത്വം നൽകുമെന്നും വ്യക്തമാക്കി.
അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ഫോക്ക് നിവേദനം
കുവൈത്ത് സിറ്റി: വിന്റർ ഷെഡ്യൂളിൽ കുവൈത്തിൽനിന്നും കണ്ണൂർ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ളസർവിസുകൾ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ് അസോസിയേഷൻ (ഫോക്) പ്രതിഷേധിച്ചു. മലബാറിലെ പ്രവാസികൾക്ക് പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് യാത്രാദുരിതം സൃഷ്ടിക്കുന്ന ഈ നടപടിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് പിന്മാറണമെന്ന് ഫോക് ആവശ്യപ്പെട്ടു.
വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റിനും, വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം അയച്ചു.
രണ്ടു വിമാനത്താളങ്ങളിലേക്കും കുവൈത്തിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ടു സർവിസ് നടത്തുന്നത്.
പോയന്റ് ഓഫ് കാൾ പദവിയില്ലാത്ത കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് മാത്രമേ വിദേശത്തേക്ക് നേരിട്ട് യാത്രാനുമതിയുള്ളൂ.
ഈ ഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്ക് സർവീസ് നിർത്തലാക്കിയത് കണ്ണൂരിലേക്കുള്ള യാത്രക്കാരെ ഗുരതരമായി ബാധിക്കും.
വിഷയത്തിൽ കേന്ദ്ര,കേരള സർക്കാറുകൾ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നും പ്രവാസലോകത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും ഫോക്ക് പ്രസിഡന്റ് പി. ലിജീഷ്, ജനറൽ സെക്രട്ടറി യു.കെ. ഹരിപ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

