വാക്സിൻ വിതരണം: ആരോഗ്യമന്ത്രി മിഷ്രിഫ് ഫെയർ ഗ്രൗണ്ട് സന്ദർശിച്ചു
text_fieldsവാക്സിൻ വിതരണ കേന്ദ്രമായി നിശ്ചയിച്ച മിഷ്രിഫ് ഫെയർ ഗ്രൗണ്ട് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ വിതരണ കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്ന മിഷ്രിഫ് ഫെയർ ഗ്രൗണ്ട് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ ഉന്നതതല സംഘം സന്ദർശിച്ചു. അണ്ടർ സെക്രട്ടറിമാരായ ഡോ. മുസ്തഫ രിദ, പൊതുസേവനകാര്യ അണ്ടർ സെക്രട്ടറി എൻജിനീയർ അബ്ദുൽ അസീസ് അൽ തീഷ, പൊതുജനാരോഗ്യ അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ്, എൻജിനീയർകാര്യ അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽ നഹാം തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
മൂന്നു കേന്ദ്രങ്ങളിലാണ് ആരോഗ്യമന്ത്രാലയം കോവിഡ് വാക്സിൻ വിതരണം ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ജഹ്റ, അഹ്മദി എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ. വാക്സിൻ സൂക്ഷിക്കാൻ കോൾഡ് സ്റ്റോർ സംവിധാനങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ്. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് വാക്സിൻ സൂക്ഷിക്കേണ്ടത്.
കോവിഡ് വാക്സിൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം വൈദ്യുതി മന്ത്രാലയവുമായി ഏകോപിച്ച് പ്രവർത്തിക്കും. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതിനാൽ വൈദ്യുതി വിതരണം സുഗമമായും തടസ്സമില്ലാതെയും ലഭ്യമാക്കാനാണ് യോജിച്ച് പദ്ധതി തയാറാക്കിയത്. വൈദ്യുതി മുടങ്ങാതിരിക്കാൻ ഡീസൽ ജനറേറ്റർ സ്ഥാപിക്കും. 57 ലക്ഷം ഡോസ് വാക്സിൻ ആണ് കുവൈത്ത് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും.
പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. കുത്തിവെപ്പെടുക്കലിന് ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിൻ നൽകില്ല.

