ശൈത്യകാലത്തിലേക്ക്; അടുത്ത ആഴ്ചയോടെ താപനില കുറയും
text_fieldsകുവൈത്ത് സിറ്റി: രാജ്യം കനത്ത തണുപ്പിലേക്ക് നീങ്ങുന്നു. ഈ മാസം മധ്യത്തോടെ താപനിലയിൽ ക്രമാനുഗതമായ കുറവ് അനുഭവപ്പെടാൻ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ അറിയിച്ചു.
വരുന്ന ഏതാനും ദിവസങ്ങളിൽ ആപേക്ഷിക ആർദ്രതയിൽ ഗണ്യമായ വർധന ഉണ്ടാകും. അടുത്ത ആഴ്ചയുടെ ആദ്യ പകുതി വരെ ഇത് തുടരും. ഈർപ്പമുള്ള തെക്കുകിഴക്കൻ കാറ്റ് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമാകും.
രാജ്യം യഥാർഥ മഴക്കാലത്തിന്റെ തുടക്കത്തിലേക്ക് അടുക്കുകയാണെന്ന് നിലവിലെ കാലാവസ്ഥ സൂചകങ്ങൾ സൂചിപ്പിക്കുന്നുവെന്ന് റമദാൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ വരെ ആയിരിക്കും. ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇസ്സ റമദാൻ വിശദീകരിച്ചു. 11, 12 തീയതികളിൽ മഴയുടെ സാധ്യത കൂടുതൽ ശക്തമാകും. അന്തരീക്ഷ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കാമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, രാജ്യത്ത് ശൈത്യകാലത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന മുറബ്ബാനിയ സീസൺ ശനിയാഴ്ച ആരംഭിക്കും. ചൂടിൽനിന്ന് തണുപ്പിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തിന്റെ സൂചന ശനിയാഴ്ച മുതൽ അനുഭവപ്പെടും.ഈ ഘട്ടത്തിൽ തണുപ്പ് ക്രമേണ കൂടിവരും.
39 ദിവസം നീണ്ടുനിൽക്കുന്ന അൽ മുറബ്ബാനിയ്യ സീസൺ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അൽ ഇക്ലിൽ, അൽ ഖൽബ്, അൽ ഷുല എന്നീ ഘട്ടങ്ങൾ ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. മുറബ്ബാനിയ സീസണിൽ രാത്രികൾ കൂടുതൽ ദൈർഘ്യമേറിയതാകും.
ഡിസംബർ 21ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരിക്കും. 13 മണിക്കൂറും 44 മിനിറ്റും ഈ രാത്രി നീണ്ടുനിൽക്കും. തുടർന്നുള്ള ദിവസങ്ങൾ കടുത്ത തണുപ്പിന്റെതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

