കുളമ്പുരോഗം; പ്രതിരോധ നടപടികൾ സജീവം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പശുക്കളിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ്. ഇതിന്റെ ഭാഗമായി അതോറിറ്റി വിദഗ്ധരുമായി കൂടിയാലോചന നടത്തി.
അറബ് ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്, കുവൈത്ത് യൂനിവേഴ്സിറ്റി എന്നിവയിലെ വിദഗ്ധർ വെർച്വൽ മീറ്റിങ്ങിൽ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കുളമ്പുരോഗത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. രോഗം ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ജീവികളുടെയും ചലനശേഷി നിയന്ത്രിക്കുക, ശുചിത്വ പ്രവർത്തനങ്ങൾ വർധിപ്പിക്കുക, വാക്സിനുകളുടെ ഇറക്കുമതി ത്വരിതപ്പെടുത്തുക, രോഗ പ്രവർത്തനങ്ങൾ പിന്തുടരുന്നതിനായി പരിശോധന വ്യാപിപ്പിക്കുക എന്നിവ യോഗം ശിപാർശ ചെയ്തു. രോഗങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള ശ്രമം, വ്യാപനം തടയുന്നതിനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കൽ, വെല്ലുവിളികളെ നേരിടുന്നതിനുള്ള കഴിവുകൾ ശക്തിപ്പെടുത്തൽ എന്നീ ലക്ഷ്യത്തിലാണ് യോഗം സംഘടിപ്പിച്ചതെന്ന് അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാജ്യത്ത് നിരവധി കുളമ്പുരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില ഫാമുകളിലെ നിരവധി പശുക്കളിൽ ലക്ഷണങ്ങൾ പ്രകടമായി. സ്ഥിരീകരണത്തിനായി നിരവധി സാമ്പിളുകൾ റഫറൻസ് ലബോറട്ടറികളിലേക്ക് അയച്ചിട്ടുമുണ്ട്. രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കാൻ അതോറിറ്റി പ്രവർത്തിച്ചുവരികയാണ്.
മെഡിക്കൽ ജീവനക്കാർ പൂർണമായും രംഗത്തുണ്ട്. വാക്സിൻ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം മാംസത്തിന്റെയും പാലുൽപന്നങ്ങളുടെയും ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഈ രോഗം ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

