ഒരു മരണം, ഒമ്പതുപേർക്ക് പരിക്ക്; കനത്ത ചൂടിൽ ഭീതി ഉയർത്തി തീപിടിത്തങ്ങൾ
text_fieldsഫർവാനിയയിൽ തീ പിടിച്ച അപ്പാർട്മെന്റ്
കുവൈത്ത് സിറ്റി: കനത്ത ചൂടിൽ ഭീതി ഉയർത്തി തീപിടിത്തങ്ങൾ. രണ്ടു ദിവസങ്ങളിലായി വിവിധ ഇടങ്ങളിൽ തീപിടിത്തങ്ങൾ റിപ്പോർട്ടു ചെയ്തു. ഒരാൾ മരിക്കുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖുറൈൻ മാർക്കറ്റിലുണ്ടായ തീ പിടിത്തം
ബുധനാഴ്ച വൈകീട്ട് ഫർവാനിയയിൽ അപ്പാർട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിലാണ് ഒരാൾ മരിച്ചത്. അപകടത്തിൽ അപ്പാർട്ട്മെന്റിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. നിരവധി വസ്തുക്കൾ കത്തിനശിച്ചു. ഫർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.
വ്യാഴാഴ്ച രാവിലെ ഫര്‍വാനിയയിലെ ഒരു അപ്പാർട്മെന്റ് കെട്ടിടത്തിലും തീപിടിത്തമുണ്ടായി. ഫര്‍വാനിയ, സുബ്ഹാന് സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഖുറൈൻ മാർക്കറ്റ്സ് ഏരിയയിലെ റസ്റ്റാറന്റിലും തീപിടിത്തം ഉണ്ടായി. ഒന്നാം നിലയിലുള്ള ഒരു റസ്റ്റാറന്റിലും സമീപത്തെ നിരവധി കടകളിലുമാണ് തീപിടിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ബൈറഖ്, ഖുറൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. വഫ്ര ഫാമിലും ബുധനാഴ്ച തീപിടിത്തമുണ്ടായിരുന്നു.
താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വ്യാപിക്കുന്നത് പതിവാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നും അധികൃതർ ഉണർത്തി. തീപിടിത്തങ്ങൾ ചെറുക്കുന്നതിനായി ജനറൽ ഫയർഫോഴ്സ് ജാഗ്രത പുലർത്തുന്നുണ്ട്. അഗ്നി സുരക്ഷ നിയമം പാലിക്കാത്ത സഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും എതിരെ നടപടിയും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

