വോട്ടർപട്ടികയിലുണ്ട്; വോട്ട് ചെയ്യാനാകില്ല
text_fields
കുവൈത്ത് സിറ്റി: കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭ വോട്ടെടുപ്പും അടുക്കവെ സമ്മതിദാനാവകാശം വിനിയോഗിക്കാനാകാതെ ഇത്തവണയും പ്രവാസികൾക്ക് നിരാശയുടെ വോട്ടുകാലം. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന നിയമഭേദഗതി വന്നിട്ട് 14 വർഷം പിന്നിട്ടിട്ടും ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് വോട്ട് ചെയ്യാൻ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇപ്പോഴും അവസരമില്ല.പ്രവാസികൾക്കായി പകരക്കാർ വോട്ട് ചെയ്യുന്ന പ്രോക്സി വോട്ട് ചെയ്യാൻ അവകാശം നൽകുന്ന ബിൽ 2018ൽ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ അവതരിപ്പിച്ചിട്ടില്ല. പ്രോക്സി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിട്ട് മൂന്നു വർഷം കഴിഞ്ഞെങ്കിലും തുടർനടപടികളും ഉണ്ടായില്ല.വിദേശ എംബസികളിലെ ജീവനക്കാർക്ക് നൽകുന്ന മാതൃകയിൽ പ്രവാസികൾക്കായി ഇ-തപാൽ വോട്ട് സൗകര്യം ഒരുക്കണമെന്ന ശിപാർശ 2020ൽ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ വിഷയത്തിൽ കോടതി ഇടപെടൽ തേടി സുപ്രീംകോടതിയിൽ ഒരു സംഘം പ്രവാസികൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെ, ജോലി ചെയ്യുന്ന രാജ്യത്തിരുന്ന്, വോട്ട് ചെയ്യാനുള്ള സൗകര്യം നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, ഇതിലും മൗനം തുടരുകയാണ്.
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുകയും കുടുംബവുമായി താമസിക്കുന്നവർക്കും പുറമെ വിവിധ രാജ്യങ്ങളിൽ നിരവധി വിദ്യാർഥികളും ഉണ്ട്.
ഇതിൽ രണ്ടരലക്ഷത്തോളം മലയാളി വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ഇ-തപാൽ വോട്ട് സൗകര്യത്തിന്റെ അഭാവം മൂലം ഇവർക്കും സമ്മതിദാനാവകാശം നിഷേധിക്കപ്പെടുകയാണ്.2011ലെ നിയമഭേദഗതിപ്രകാരം പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട്.
എന്നാൽ വോട്ട് ചെയ്യണമെങ്കിൽ നാട്ടിലെത്തണം. ലീവ് ലഭിക്കൽ, വിമാന ടിക്കറ്റ് നിരക്ക് എന്നിവ കണക്കിലെടുക്കുമ്പോൾ ഭൂരിപക്ഷം പ്രവാസികൾക്കും ഇത് അപ്രായോഗികമാണ്. ഇതിനാൽ തന്നെ വോട്ടർപട്ടികയിൽ പേരുള്ള ഭൂരിപക്ഷം പ്രവാസികൾക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

