സ്കൂൾ കാന്റീനുകൾക്ക് പുതിയ നിയന്ത്രണങ്ങൾ; ഭക്ഷണം ആരോഗ്യകരവും പോഷക സമൃദ്ധവുമാകണം
text_fieldsകുവൈത്ത് സിറ്റി: സ്കൂൾ കാന്റീനുകളിൽ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നടപടികളുമായി അധികൃതർ.
മുൻകൂട്ടി പാക്ക്ചെയ്ത ഭക്ഷണങ്ങൾ മാത്രം വിൽക്കുന്നവ, റെഡിമെയ്ഡ് ഭക്ഷണം ഉള്ളവ, ചൂടുള്ള ഭക്ഷണത്തിനായി ഓൺ സൈറ്റ് അടുക്കളകൾ പ്രവർത്തിപ്പിക്കുന്നവ എന്നിങ്ങനെ സ്കൂൾ കാന്റീനുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കോൺട്രാക്ടർമാർക്ക് ഭക്ഷണം കൈകാര്യംചെയ്യുന്നതിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം, സാധുവായ ആരോഗ്യ പെർമിറ്റ്, സുരക്ഷ, തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയും നിർബന്ധമാണ്.
ദിവസേനയുള്ള ഭക്ഷണം അവശ്യപോഷകങ്ങൾ അടങ്ങിയതുമായിരിക്കണം. ട്രാൻസ് ഫാറ്റ് നിരോധിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണം. ഭക്ഷണ ഇനങ്ങൾ നിശ്ചിത കലോറി പരിധിക്കുള്ളിൽ ആയിരിക്കണം. കൊഴുപ്പ് കൂടിയതും പഞ്ചസാര കൂടിയതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങൾ നിരോധിച്ചിരിക്കുന്നു.
എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും ഇവ ബാധകമാണ്. നിയമലംഘകർക്ക് 500 മുതൽ 3,000 ദീനാർ വരെ പിഴ ചുമത്താം. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾക്കും സാധ്യതയുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് ഇതെന്ന് ഭക്ഷ്യ-പോഷകാഹാര പൊതു അതോറിറ്റി വക്താവ് ഡോ. ഷൈമ അൽ അസ്ഫർ പറഞ്ഞു.
എല്ലാ കാന്റീനുകളും അംഗീകൃത മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി പതിവായി പരിശോധന നടത്തുന്നുണ്ട്. അമിത തടി ചെറുക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതവും പോഷകസമൃദ്ധവുമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് മുൻകരുതലുകളെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

