രക്തദാനം ജീവിതചര്യയാക്കി മുഹമ്മദ്
text_fieldsകുവൈത്ത് സിറ്റി: രക്തദാനത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റി കുവൈത്ത് പ്രവാസി. കോഴിക്കോട് നാദാപുരം ചിയ്യൂർ സ്വദേശിയായ മുഹമ്മദ് ചിയ്യൂര് 34ാം വയസ്സിനിടെ രക്തദാനം നടത്തിയത് 100 തവണ. 19ാം വയസ്സിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഇപ്പോൾ നൂറ് തവണ രക്തം ദാനം ചെയ്തെന്ന അപൂർവ സന്തോഷത്തിലാണ് മുഹമ്മദ്.
രക്തദാനത്തിന്റെ മഹത്വവും അതിന്റെ ആവശ്യകതയും നിപ്പ രോഗവ്യാപന കാലത്താണ് മനസ്സിലായതെന്ന് മുഹമ്മദ് പറയുന്നു. ആദ്യമായി രക്തം നൽകിയ അനുഭവം പിന്നീട് ജീവിതചര്യയാക്കി മാറ്റുകയായിരുന്നു. നമുക്ക് ഒരു നഷ്ടവും സംഭവിക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന തിരിച്ചറിവാണ് തുടർച്ചയായി രക്തദാനം ചെയ്യാൻ പ്രചോദനമെന്ന് മുഹമ്മദ് പറയുന്നു.
തലശ്ശേരി ഗവൺമെന്റ് ആശുപത്രി, സഹകരണ ആശുപത്രി, മലബാർ കാൻസർ സെന്റർ, വടകര സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, മിംസ് ആശുപത്രി തുടങ്ങി നിരവധി ആശുപത്രികളിൽ മുഹമ്മദ് രക്തദാനം നിർവഹിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമായ രോഗികൾക്ക് സഹായമെത്തിക്കുന്നതിലും സജീവമാണ്.
മുഹമ്മദ് രക്തദാനത്തിൽ
സന്നദ്ധ സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായ മുഹമ്മദ്. സംഘടനയുടെ നേതൃത്വത്തിൽ നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളുമായി സഹകരിച്ച് നടത്തിയ ക്യാമ്പുകളിലൂടെ നിരവധി പേരെ രക്തദാന രംഗത്തേക്ക് ആകർഷിക്കാനും കഴിഞ്ഞിട്ടുണ്ട്.
കുവൈത്തിൽ പ്രവാസിയായ മുഹമ്മദ് സേവന പ്രവർത്തനങ്ങൾക്ക് വിരാമമിട്ടിട്ടില്ല. കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് തുടരുകയാണ്. കുവൈത്തിലെ മാംഗോ ഹൈപർ മാർക്കറ്റിലെ ജീവനക്കാനായ മുഹമ്മദിന് മാനേജ്മെൻ്റിൻ്റെയും സഹ ജോലിക്കാരുടെയും വലിയ പിന്തുണയും ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

