ഒന്നിച്ചു കൈകോർക്കാം, നല്ല നാളെക്കായ്...
text_fieldsനമ്മുടെ നാടിനെ വിഴുങ്ങി കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ഭരണകൂടം സധൈര്യം നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന കർമ്മപദ്ധതിയും, അതുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിരിക്കുന്ന സുപ്രധാന തീരുമാനങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ നാം നേരിടുന്ന ഏറ്റവും ഭീതിജനകമായ വിപത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അനിയന്ത്രിതമായ കടന്നുകയറ്റമാണ്.
നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഭൂരിഭാഗം ക്രൂരകൃത്യങ്ങൾക്ക് പിന്നിലും ലഹരിമാഫിയയുടെ കരങ്ങളുണ്ടെന്നത് നഗ്നസത്യമാണ്. മുൻപൊക്കെ കൊലപാതകങ്ങളോ പിടിച്ചുപറിയോ ഒക്കെ അപൂർവ്വമായ സംഭവങ്ങളായിരുന്നു. കൂടാതെ അതിന് പിന്നിൽ ആഴത്തിലുള്ള വ്യക്തിവൈരാഗ്യമോ പ്രതികാരബുദ്ധിയോ ഉണ്ടായിരുന്നു താനും. എന്നാൽ ഇന്നത്തെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. ലഹരിപദാർത്ഥങ്ങൾ തലച്ചോറിനെ കീഴടക്കുമ്പോൾ മനുഷ്യന് സ്വന്തം പ്രവർത്തികളിലുള്ള നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ പിന്നിലെ മനശാസ്ത്രം.
പലരും വെറുമൊരു കൗതുകത്തിന് തുടങ്ങി പിന്നീട് അതിന് അടിമകളായി മാറുന്നതോടെ, ലഹരി വാങ്ങാനുള്ള പണത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ക്രിമിനൽ മാനസികാവസ്ഥയിലേക്ക് ഇവർ എത്തുന്നു. ലഹരിമരുന്നിന് പണം നൽകാത്തതിന്റെ പേരിൽ ജന്മം നൽകിയ മാതാപിതാക്കളുടെ ജീവനെടുക്കാൻ പോലും മക്കൾ മടിക്കുന്നില്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ ക്രൂരമായ അക്രമങ്ങളിലേക്ക് പലരും തിരിയുന്നു.
വരുംതലമുറയ്ക്കായി വലിയ കെട്ടിടങ്ങളോ, നാൽപ്പതുവരി പാതകളോ, പാലങ്ങളോ നിർമ്മിച്ച് വെക്കുന്നതിനേക്കാൾ വലിയൊരു ബാധ്യത നമുക്കുണ്ട്. അവർക്ക് ഭയമില്ലാതെ, സമാധാനത്തോടെ ശ്വസിക്കാനും ജീവിക്കാനും കഴിയുന്ന ഒരു സുരക്ഷിത അന്തരീക്ഷം ഒരുക്കുക എന്നതാണത്. നമ്മുടെ മുൻഗാമികൾ ചോരയും നീരും നൽകി സമ്പാദിച്ച സമാധാനവും പുരോഗതിയുമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്. അത് കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
ലഹരിമാഫിയയെ പിഴുതെറിയുക എന്നത് ഭരണകൂടത്തിന്റെ മാത്രം ചുമതലയല്ല. നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇതിൽ ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ അതിർവരമ്പുകൾ ഉണ്ടാകരുത്. ഇനിയുള്ള കാലം നമ്മുടെ മക്കളും കൊച്ചുമക്കളും ലഹരിയുടെ നിഴൽ വീഴാത്ത, വെളിച്ചമുള്ള ഒരു ലോകത്ത് ജീവിക്കണം. നമുക്ക് ഒരൊറ്റ മനസ്സോടെ കൈകോർക്കാം, 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ശക്തമായ പിൻബലമേകാം. നല്ല നാളേയ്ക്ക് വേണ്ടി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

