ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കുവൈത്ത് പൗരൻമാർ സുരക്ഷിതർ; മോചന ശ്രമം സജീവം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലിലെ കുവൈത്ത് പൗരൻമാരുടെ മോചനത്തിനായി ഇടപെടൽ സജീവം. സംഭവത്തിന് പിറകെ തടവിലാക്കപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും വേഗത്തിൽ മോചിപ്പിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇടപെട്ടുവരികയാണ്.
കുവൈത്ത് പൗരൻമാർ സുരക്ഷിതരാണെന്നും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും ജോർഡൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഫുആദ് അൽ മജാലി വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ പാർപ്പിച്ചിരിക്കുന്ന തടങ്കൽ കേന്ദ്രങ്ങൾ ജോർഡൻ ചുമതലയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചതായും കുവൈത്തികളുടെ ആരോഗ്യ സഥിതി ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.
കുവൈത്ത് പൗരന്മാരുടെ വിഷയത്തിൽ ഇടപെട്ടുവരുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. തടവിലുള്ളവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇസ്രായേലിലെ ബന്ധപ്പെട്ട അധികാരികളുമായി നേരിട്ട് ബന്ധപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. തടവിലുള്ളവരെ നേരിൽ കണ്ട് സാഹചര്യം വിലയിരുത്തുന്നതിനായി ബഹ്‌റൈൻ എംബസി ഉദ്യോഗസ്ഥർ തടങ്കൽ കേന്ദ്രം സന്ദർശിച്ചിരുന്നു. നടപടിക്രമങ്ങൾക്കനുസരിച്ച്, തടവുകാരെ സ്വന്തം രാജ്യങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചയക്കുന്നതിന് ആവശ്യമായ ഔദ്യോഗിക രേഖകൾ പൂർത്തിയാക്കാൻ ഇസ്രായേൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബഹ്‌റൈൻ വിദേശകാര്യ പ്രസ്താവനയിൽ സൂചിപ്പിച്ചു.
പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ടെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുള്ള അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ, ഡോ. മുഹമ്മദ് ജമാൽ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തത്. തങ്ങളെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയതായി ഇവർ വ്യക്തമാക്കുന്ന വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

