ഗ്ലോബൽ സുമുദ് ഫ്ലോട്ടില ഗസ്സ തീരത്തോട് അടുക്കുന്നു, തടയാൻ ഇസ്രായേൽ
text_fieldsഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല
റോം: അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടില ഗസ്സ തീരത്തോട് അടുക്കുന്നു. അപകട മേഖലയിൽ പ്രവേശിച്ച ഫ്ലോട്ടില നിലവിൽ ഗസ്സയിൽനിന്ന് വെറും 278 കി.മീ അകലെയാണുള്ളത്.
ആദ്യഘട്ടത്തിൽ പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടിലയെ ഈ മേഖലയിൽ വെച്ച് ഇസ്രായേൽ സൈന്യം ആക്രമിച്ചിരുന്നു. ഫ്ലോട്ടിലയെ ആക്രമിക്കാതെ മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് യു.എൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ആവശ്യപ്പെട്ടു. 47 ബോട്ടുകളുള്ള ഗ്ലോബൽ സുമുദ് ഫ്ലോട്ടില ഈ ആഴ്ച ഗസ്സ മുനമ്പിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗും പാർലമെന്റേറിയൻമാരും അഭിഭാഷകരും ഉൾപ്പെടെ 500ലധികം ആക്ടിവിസ്റ്റുകളാണ് ഫ്ലോട്ടിലയിലുള്ളത്.
സുമുദ് ഫ്ലോട്ടിലയുടെ സുരക്ഷക്കായി സ്പെയിനിന്‍റെയും ഇറ്റലിയുടെയും നാവിക സേന കപ്പലുകൾ അകമ്പടി പോകുന്നുണ്ട്. തങ്ങളുടെ തീരത്തുനിന്ന് 150 നോട്ടിക്കൽ മൈൽ അകലെ വരെ മാത്രമേ ഫ്ലോട്ടിലക്ക് നാവികസേന കപ്പലുകൾ അകമ്പടിക പോകൂവെന്ന് ഈ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഫ്ലോട്ടിലക്കു നേരെ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് നാവിക സേന സുരക്ഷയൊരുക്കുന്നത്.
തുർക്കിയിൽനിന്നുള്ള ഡ്രോണുകൾ ഏതെങ്കിലും തരത്തിലുള്ള ആക്രമണ സാധ്യത തടയാനായി ഫ്ലോട്ടിലയെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ഫ്ലോട്ടിലയെ തടയാനും അതിലെ പ്രവർത്തകരെ തടവിലാക്കാനും ഇസ്രായേൽ സേന തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബോട്ടുകളെ തടയാൻ നാവികസേന സജ്ജമാണെന്ന് ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ പറഞ്ഞിരുന്നു. ഫ്ലോട്ടിലയിൽ യാത്ര ചെയ്യുന്ന ഇറ്റാലിയൻ പൗരന്മാരുടെ സുരഷ ഉറപ്പാക്കാൻ ഇസ്രായേലിലെ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇറ്റലി അറിയിച്ചു.
ഫ്ലോട്ടിലയിലെ സ്പാനിഷ് പൗരന്മാർ ഇസ്രായേലിന് ഭീഷണിയല്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗസ്സയിലേക്ക് പോകുന്ന സഹായ കപ്പലിലെ സ്പാനിഷ് അംഗങ്ങൾ 'ഇസ്രായേലിന് അപകടമോ ഭീഷണിയോ ഉണ്ടാക്കുകയില്ലെന്ന് സാഞ്ചസ് ഇസ്രായേൽ സർക്കാറിനെ അറിയിച്ചു. ഇസ്രായേൽ സഹായം അനുവദിച്ചിരുന്നെങ്കിൽ ദൗത്യം ഒരിക്കലും ആവശ്യമായി വരില്ലായിരുന്നുവെന്നും സാഞ്ചസ് കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

