കൂടുതൽ സഹകരണത്തിന് കുവൈത്തും ഇറാനും
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അൽ നവാഫ് അൽ അഹ്മദ് അസ്സബാഹ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലക്കൊപ്പം
കുവൈത്ത് സിറ്റി: ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ള കുവൈത്ത് സന്ദർശിച്ചു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ സന്ദര്ശനം.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അൽ നവാഫ് അൽ അഹ്മദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സലീം അൽ അബ്ദുല്ല അൽ ജാബിർ അസ്സബാഹ് എന്നിവരുമായും ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും കുവൈത്തും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച ചെയ്തു. പ്രധാനമന്ത്രി ദിവാൻ അണ്ടർ സെക്രട്ടറി ശൈഖ് ഖാലിദ് തലാൽ അസ്സബാഹ്, പ്രധാനമന്ത്രി ഓഫിസ് ഡയറക്ടർ ഹമദ് അൽ ആമിർ, ഏഷ്യൻ കാര്യങ്ങളുടെ വിദേശകാര്യ അംബാസഡർ സമേഹ് ജൗഹർ ഹയാത്ത് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കുവൈത്ത്- ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ സമ്പദ്വ്യവസ്ഥ, നിക്ഷേപം തുടങ്ങി സുപ്രധാന മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ആരാഞ്ഞു.
കുവൈത്ത്-ഇറാൻ സംയുക്ത ഹൈകമീഷന്റെ വരാനിരിക്കുന്ന യോഗത്തിൽ വികസനത്തിനും സമൃദ്ധിക്കും പുതിയ ചക്രവാളങ്ങൾ തുറക്കാനും ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ആക്രമണം, യമൻ, ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ സാഹചര്യങ്ങളും ഇറാന്റെ ആണവ രേഖകളെക്കുറിച്ചും യുക്രെയ്നിലെ യുദ്ധത്തെ കുറിച്ചും ഹുസൈൻ അമീർ അബ്ദുല്ലയും ശൈഖ് സാലിമും ചർച്ച ചെയ്തു.
സഹകരണം വർധിപ്പിക്കാനും പ്രാദേശികവും അന്തർദേശീയവുമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനും ഇരുവരും സന്നദ്ധത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

