കുവൈത്ത് തെരഞ്ഞെടുപ്പ്: അന്താരാഷ്ട്ര നിരീക്ഷകരെത്തും
text_fieldsതെരഞ്ഞെടുപ്പ് മുന്നൊരുക്ക ഒാഫിസ് സന്ദർശിച്ച നീതിന്യായ മന്ത്രി ഡോ. ഫഹദ് അൽ അഫാസി
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് അന്താരാഷ്ട്ര പ്രതിനിധികൾ എത്തും. തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സ്വതന്ത്രവുമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ നിരീക്ഷണത്തിനായി ക്ഷണിക്കുന്നത്. ഇത്തവണ കോവിഡ് പ്രതിസന്ധിയിൽ വിമാന സർവിസുകൾ താളംതെറ്റിയിരിക്കുകയാണെങ്കിലും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ നിരീക്ഷകരായി ക്ഷണിക്കാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മുൻകാലങ്ങളിലും ഇങ്ങനെ ക്ഷണിക്കാറുണ്ട്.
ഡിസംബർ അഞ്ചിനാണ് കുവൈത്ത് പാർലമെൻറിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായിട്ടുണ്ട്. നിശ്ചിത സമയം പൂർത്തിയായപ്പോൾ 395 പേരാണ് മത്സര രംഗത്തുള്ളത്. 396 പേർ പത്രിക നൽകിയിരുന്നെങ്കിലും ഒരാൾ പിൻവാങ്ങി. നവംബർ 28 വരെ പിൻവലിക്കാൻ അവസരമുണ്ട്. കുവൈത്തിൽ പാർട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ഒരു ബ്ലോക്കായി പ്രതിപക്ഷത്തുണ്ട്.
അഞ്ച് പാർലമെൻറ് മണ്ഡലങ്ങളിൽ ഒാരോന്നിൽനിന്നും പത്തുപേരെയാണ് തിരഞ്ഞെടുക്കുക. 50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക. 102 സ്കൂളുകൾ വോെട്ടടുപ്പ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

