ഇസ്രായേൽ-ഇറാൻ സംഘർഷം; യാത്രക്കാർക്ക് ബദൽ മാർഗം ഒരുക്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ- ഇറാൻ സംഘർഷത്തിനിടെ വ്യോമഗതാഗതം നിർത്തിവെച്ചതിനാൽ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായവുമായി കുവൈത്ത്. ഇസ്രായേൽ ആക്രമണം ആരംഭിച്ച വെള്ളിയാഴ്ച മുതൽ ഇറാൻ വ്യോമഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
തുടർന്ന് ഇറാനിൽ അകപ്പെട്ട വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ അബ്ദലി അതിർത്തി വഴി കുവൈത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഏകദേശം 30,000 യാത്രക്കാർക്ക് കുവൈത്ത് സഹായം ലഭിച്ചതായും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതായും അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം ഇത്തരക്കാരുടെ പ്രവേശനവും തിരിച്ചുവരവും സുഗമമാക്കുന്നതിന് സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിമാന യാത്ര നിർത്തിവെച്ചതിനാൽ ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ അകപ്പെട്ട കുവൈത്തികൾ, ജി.സി.സി പൗരന്മാർ, അറബ്, യൂറോപ്യൻ, ഏഷ്യൻ പൗരന്മാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഇറാൻ-ഇറാഖ്-കുവൈത്ത്
ഇറാനിലെ ഷാലംചെ അതിർത്തിയിൽനിന്ന് ഇറാഖിലേക്ക് കടക്കാൻ യാത്രക്കാർക്ക് സൗകര്യമുണ്ട്. തുടർന്ന് സഫ്വാൻ, അബ്ദലി വഴി കുവൈത്തിൽ പ്രവേശിക്കാം. പിന്നീട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ കുവൈത്ത്-സൗദി അതിർത്തി ക്രോസിങ്ങുകളായ നുവൈസീബ്, സാൽമി എന്നിവ വഴിയോ സ്വന്തം രാജ്യങ്ങളിലേക്ക് പോകാം. സാധുവായ യാത്രാ ടിക്കറ്റുകൾ കൈവശമുള്ള ജി.സി.സി നിവാസികൾക്ക് കുവൈത്ത് വഴി കടന്നുപോകാൻ ഏഴ് ദിവസത്തെ ട്രാൻസിറ്റ് വിസയും ചില യൂറോപ്യൻ പൗരന്മാർക്ക് വിമാനത്താവളം വഴി മടങ്ങിവരുന്നതിന് പ്രത്യേക പ്രവേശനവും അനുവദിച്ചിട്ടുണ്ട്. അബ്ദാലിയിൽനിന്ന് പൗരന്മാരെ സ്വന്തം രാജങ്ങളിൽ എത്തിക്കുന്നതിന് ജി.സി.സി എംബസികളുമായി ഏകോപനം നടക്കുന്നുണ്ട്. സഫ്വാൻ ക്രോസിങ്ങിൽനിന്ന് അബ്ദലിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി കുവൈത്ത് 40 ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഇത് അവരുടെ യാത്ര സുഗമമാക്കുന്നു. അതിർത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
കുവൈത്ത് പൗരന്മാരെ ഉടൻ തിരിച്ചെത്തിക്കും
ഇറാനിലുള്ള കുവൈത്ത് പൗരന്മാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ പൗരന്മാർക്ക് പരിക്കുകളോ അണുബാധകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെഹ്റാൻ, മഷാദ്, ഖോം എന്നിവിടങ്ങളിലെ കുവൈത്ത് പൗരന്മാരുടെ കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഏറ്റവും അടുത്തുള്ള എക്സിറ്റ് പോയന്റുകളിലൂടെ ഇവരെ ഒഴിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

