ഇസ്രായേൽ-ഇറാൻ സംഘർഷം; പ്രശ്നപരിഹാര നീക്കവുമായി ജി.സി.സി
text_fieldsജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ വിദേശകാര്യമന്ത്രി
അബ്ദുല്ല അൽ യഹ്യ
കുവൈത്ത് സിറ്റി: ഇസ്രായേൽ- ഇറാൻ സംഘർഷം ശക്തിപ്പെട്ടതോടെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കവുമായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി). സംഘർഷം മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ഉടനടി വെടിനിർത്തലിനുള്ള ആഹ്വാനം ശക്തിപ്പെടുത്തുന്നതിനുമായി ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നു.
ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക ആക്രമണങ്ങളെ യോഗം അപലപിച്ചു. ഇറാന്റെ പരമാധികാരം, അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്രസഭ നയങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്നും ചൂണ്ടിക്കാട്ടി. പ്രാദേശിക അസ്ഥിരത തടയാൻ ഉടനടി വെടിനിർത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ഏറ്റുമുട്ടൽ അവസാനിപ്പിച്ച് നയതന്ത്ര സംഭാഷണത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത യോഗം സൂചിപ്പിച്ചു. ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി. ഇത് മനുഷ്യ സുരക്ഷക്കും പരിസ്ഥിതിക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഉണർത്തി. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടു. യു.എസ്-ഇറാൻ ആണവ ചർച്ചകൾ പുനരാരംഭിക്കാനും ജി.സി.സി കൗൺസിൽ അഭ്യർഥിച്ചു. യോഗത്തിൽ ജി.സി.സി നിലവിലെ ചെയർമാനായ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അധ്യക്ഷതവഹിച്ചു.
സമുദ്ര സുരക്ഷ ഉറപ്പാക്കണം
സമുദ്ര സുരക്ഷയും മേഖലയിലുടനീളമുള്ള കപ്പൽ പാതകളും വാണിജ്യ കപ്പലുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജി.സി.സി കൗൺസിൽ വ്യക്തമാക്കി. എണ്ണ അനുബന്ധ സൗകര്യങ്ങൾക്കും വ്യാപാര പാതകൾക്കും നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കൗൺസിൽ മുന്നറിയിപ്പ് നൽകി. ഇത് ആഗോള ഊർജ വിപണികളിലും പ്രാദേശിക സമ്പദ്വ്യവസ്ഥകളിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി.
നയതന്ത്ര പരിഹാരം വേണം
തുടർച്ചയായ സൈനിക വർധന ഒരു സമ്പൂർണ യുദ്ധത്തിലേക്ക് മേഖലയെ തള്ളിവിടുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി മുന്നറിയിപ്പ് നൽകി. ഇത് പ്രവചനാതീതവും നിയന്ത്രിക്കാനാവാത്തതുമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. കൂടുതൽ സൈനിക നടപടികളിൽനിന്ന് വിട്ടുനിൽക്കാനും നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

