ഇറാന്റെ ആക്രമണം ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി -അപലപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ന് രാവിലെ നടന്ന ആക്രമണം ഉൾപ്പെടെ, രാജ്യത്തിന് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇവ കുവൈത്ത് പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് കുവൈത്ത് വിശേഷിപ്പിച്ചു.
സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ തുടരുമ്പോഴും ആക്രമണങ്ങൾ ആവർത്തിക്കുന്നത് പിരിമുറുക്കം കുറക്കുന്നതിനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. കുവൈത്തിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വം എന്നിവയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് മന്ത്രാലയം ആവർത്തിച്ചു. പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ നിയമാനുസൃതമായ അവകാശവും വ്യക്തമാക്കി.
ഇന്ന് രാവിലെ ആറോടെയാണ് കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം ഉണ്ടായത്. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെയും മിസൈലുകളെയും നേരിട്ടതായി സൈന്യം അറിയിച്ചു. ആക്രമണ മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്ത് ജാഗ്രത സൈറൺ മുഴങ്ങി.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം കഴിഞ്ഞ രാത്രി വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിറകെയാണ് കുവൈത്തിൽ ഇറാൻ ആക്രമണം ഉണ്ടായത്. ബഹ്റൈനിലും ബുധനാഴ്ച പുലർച്ചെ ഇറാൻ ആക്രമണം ഉണ്ടായി. ജൂണിൽ യു.എസും- ഇറാനും ഒപ്പുവെച്ച വെടിനിർത്തൽ കരാറോടെ മേഖലയിൽ സഥിതിഗതികൾ ശാന്തമായി വരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

