ഇറാൻ ആക്രമണം; ഐക്യരാഷ്ട്രസഭയെ സമീപിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയെ സമീപിച്ച് കുവൈത്ത്. ഇറാൻ രാജ്യത്തിനെതിരെ നടത്തിയ ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനും യു.എൻ സുരക്ഷ കൗൺസിൽ പ്രസിഡന്റിനും കുവൈത്ത് രണ്ട് കത്തുകൾ സമർപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും നഗ്നമായ ലംഘനമാണ് ഇതെന്ന് ചൂണ്ടികാട്ടിയ കുവൈത്ത് നിരവധി സിവിലിയൻ സൗകര്യങ്ങളെ ആക്രമണങ്ങൾ ലക്ഷ്യം വെച്ചതായും സൂചിപ്പിച്ചു. ഇറാൻ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്.
ആക്രമണം കുവൈത്ത് സായുധ സേനയിലെ രണ്ട് രക്തസാക്ഷികൾ ഉൾപ്പെടെ നിരവധി പേരുടെ മരണത്തിന് കാരണമായതായും ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റതായും കത്തുകളിൽ വിശദീകരിച്ചു. തങ്ങളുടെ പ്രദേശത്തെയും അയൽ രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത് ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശവും അടിവരയിട്ടു.
തങ്ങളുടെ പ്രദേശം, വ്യോമാതിർത്തി, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനുള്ള ആവശ്യമായ നടപടികൾ സ്ഥിരീകരിച്ചതായും വ്യക്തമാക്കി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്ന് കുവൈത്ത് ഊന്നിപ്പറഞ്ഞു. ഒരു അംഗത്തിനെതിരെയുള്ള ഏതൊരു ഭീഷണിയോ ആക്രമണമോ കൂട്ടായ പ്രാദേശിക സുരക്ഷക്കുള്ള ആക്രമണമോ ഭീഷണിയോ ആണെന്നും വ്യക്തമാക്കി.
ഇറാൻ നടപടിയെ അപലപിക്കാൻ കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാ കൗൺസിലിനോടും ആവശ്യപ്പെട്ടു. പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷക്കും തുരങ്കം വെക്കുന്ന ഈ ലംഘനങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

