നിരീക്ഷണ കാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം; ജാഗ്രതാ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ നിരീക്ഷണ കാമറകൾ ഹാക്ക് ചെയ്യാനുള്ള ശ്രമം. ഇത്തരം നീക്കങ്ങൾ സൈബർ കുറ്റകൃത്യ പ്രതിരോധ വിഭാഗം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.
പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ സുരക്ഷ സംവിധാനങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും സ്വകാര്യ ഇൻഡോർ ഏരിയകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സുരക്ഷാ കാമറകൾ മതിയായ സുരക്ഷയില്ലാതെ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നുണ്ട്. പലപ്പോഴും ഡിഫോൾട്ട് പാസ് വേഡുകൾ മാറ്റാത്തതാണ് ഇതിനു കാരണം.
ഉപയോക്താക്കൾ ഉടൻ ഡിഫോൾട്ട് പാസ് വേഡുകൾ മാറ്റണമെന്നും, ടു-ഫാക്ടർ ഓതന്റിക്കേഷൻ ഇനേബിൾ ചെയ്യണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സുരക്ഷിതമായ ചാനലുകളിലൂടെ കാമറ ഫീഡുകൾ ഓൺലൈനിൽ അക്സസ് ചെയ്യണമെന്നും വകുപ്പ് നിർദേശം നൽകി. എല്ലാവരും അതിജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ ഗൗരവമായി എടുക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം സുരക്ഷാ ലംഘനങ്ങളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളോ ചിത്രങ്ങളോ പങ്കുവെക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് സൈബർ കുറ്റകൃത്യ വിഭാഗം ഓർമിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.