വിമാനങ്ങൾ നിലക്കുന്നു; പോയന്റ് ഓഫ് കാൾ പദവി ഇല്ല; വലഞ്ഞ് കണ്ണൂർ യാത്രക്കാർ
text_fieldsകുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസ് സർവിസ് നിലക്കുന്നതോടെ യാത്രക്ക് പൂർണമായും ‘വളഞ്ഞവഴി’ സ്വീകരിക്കേണ്ട നിലയിൽ കണ്ണൂരിലേക്കുള്ള യാത്രക്കാർ. കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ വിദേശവിമാനങ്ങൾക്ക് ഇവിടേക്ക് സർവിസ് നടത്താനാകില്ല. ഇതിനാൽ ഇന്ത്യൻ വിമാന കമ്പനികളെ മാത്രമേ യാത്രക്കാർക്ക് ആശ്രയിക്കാനാകൂ.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ട് എയർഇന്ത്യ എക്സ്പ്രസും കണക്ഷൻ സർവിസായി ഇൻഡിഗോ എയർലൈൻസുമാണുള്ളത്.
എയർഇന്ത്യ എക്സ്പ്രസ് നിലക്കുന്നതോടെ കണ്ണൂർ യാത്രക്കാർ ഇൻഡിഗോ എയർലൈൻസിനെ മാത്രം ആശ്രയിക്കേണ്ടിവരും.
എന്നാൽ ഈ സർവിസ് മറ്റു വിമാനത്താവളങ്ങൾ വഴിയാണ് എന്നതിനാൽ മണിക്കൂറുകൾ അവിടെ കാത്തിരുന്നു വേണം നാട്ടിലെത്താൻ. അടുത്തുള്ള കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് മറ്റു സർവിസുകൾ ഇല്ല. ഇതോടെ കൊച്ചി, മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങളെ കണ്ണൂർ, കാസർകോട്, വയനാട് യാത്രക്കാർ ആശ്രയിക്കേണ്ടിവരും.
നേരത്തേ എയർഇന്ത്യ എക്സ്പ്രസിനൊപ്പം കണ്ണൂരിലേക്ക് കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് നടത്തിയിരുന്നു. 2023 മേയിൽ ഗോ ഫസ്റ്റ് സർവിസ് അവസാനിപ്പിച്ചു.
ഇതോടെ കണ്ണൂർ യാതക്കാരുടെ യാത്രാപ്രശ്നങ്ങളും ഇരട്ടിയായി. ‘ഗോ ഫസ്റ്റ്’ വിമാനം നിർത്തലാക്കിയിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും. വിമാനയാത്രക്ക് മുൻകൂട്ടി ടിക്കറ്റ് എടുത്ത നിരവധി പേർക്ക് ഇനിയും തുക തിരികെ ലഭിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

