ഞെട്ടലിൽനിന്ന് മോചിതമാകാതെ പ്രവാസി സമൂഹം; നഴ്സ് ദമ്പതികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
text_fieldsസൂരജ്, ബിന്‍സി
കുവൈത്ത് സിറ്റി: അബ്ബാസിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ നടന്നുവരികയാണ്. വ്യാഴാഴ്ച രാവിലെയാണ് കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂർ പഞ്ചായത്തിലൂള്ള മണ്ണൂരിൽ കൂഴൂർ കട്ടക്കയത്ത് വീട്ടിൽ കെ.എ.തോമസിന്റെയും അന്നമ്മയുടെയും മകൾ ബിൻസി (35) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ ഇവരുടെ ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സൂരജ് സുർറ ജാബിർ അൽ അഹമ്മദ് ആശുപത്രിയിൽ ഐ.സി.യു യൂനിറ്റിലും ബിൻസി സബ്ഹാൻ ജാബിർ അൽ അഹമ്മദ് സൈനിക ആശുപത്രിയിലും ജോലിചെയ്തുവരികയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ തമ്മില്‍ വഴക്കു നടന്ന ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞു.
സംഭവം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസിന് വാതില്‍ തുറക്കാനായില്ല. പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതില്‍ തകർത്താണ് പൊലീസ് അകത്തു കടന്നത്. തുടർന്ന് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഫോറന്‍സിക് സംഘവും സഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. തുടർന്ന് മൃതദേഹങ്ങൾ കൂടുതൽ പരിശോധനക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
ആസ്ട്രേലിയയിലേക്ക് കുടിയേറാനായുള്ള തയാറെടുപ്പിലായിരുന്നു ദമ്പതികള്‍ എന്നും റിപ്പോർട്ടുണ്ട്. ഇവരുടെ രണ്ടു മക്കളെ നാട്ടിൽ കുടുംബാംഗങ്ങളുടെ അടുത്താക്കി അടുത്തിടെയാണ് ഇരുവരും കുവൈത്തിലേക്ക് തിരിച്ചെത്തിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

