തെരഞ്ഞെടുപ്പ്: 'പിരിവിനാരും ഇങ്ങോട്ട് വരേണ്ട'
text_fieldsതെരഞ്ഞെടുപ്പ്: 'പിരിവിനാരും
ഇങ്ങോട്ട് വരേണ്ട'
കുവൈത്ത് സിറ്റി: സാധാരണ നാട്ടിൽ തെരഞ്ഞെടുപ്പ് ആരവം ഉയരുന്നതിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കൾ വിദേശ സന്ദർശനം നടത്താറുണ്ട്. പ്രചാരണത്തിനാവശ്യമായ പണം കണ്ടെത്തുക തന്നെയാണ് ലക്ഷ്യം. ഗൾഫ് രാജ്യങ്ങളാണ് പ്രധാന പിരിവ് കേന്ദ്രങ്ങൾ. എന്നാൽ, ഇത്തവണ പതിവിന് മാറ്റമുണ്ട്. ഇതുവരെ നേതാക്കളാരും പിരിവിനെത്തിയതായി അറിവില്ല. വിമാന സർവിസ് ഇല്ലാത്തതാണ് പ്രധാന കാരണം. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് കമേഴ്സ്യൽ വിമാന സർവിസ് ഇല്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് മുക്തമാണെന്ന് ഉറപ്പാക്കി മാത്രമാണ് പ്രവേശനം. അത്രയേറെ റിസ്ക് എടുത്തുവന്നിട്ടും വലിയ കാര്യമുണ്ടാവില്ല. കാരണം, കോവിഡ് പ്രതിസന്ധിയിൽ ജോലിനഷ്ടപ്പെട്ടും വരുമാനം കുറഞ്ഞും പ്രയാസം അനുഭവിക്കുന്ന പ്രവാസികളോട് പിരിവ് ചോദിക്കാൻ പറ്റുന്ന അവസ്ഥയല്ല. ലോക്ഡൗൺ നീക്കിയെങ്കിലും വ്യാപാര മാന്ദ്യം തുടരുകയാണ്. അതുകൊണ്ടുതന്നെ പിരിവിന് വന്നാൽ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാവില്ലെന്ന് ഉറപ്പാണ്.
കോവിഡ് കാരണം ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി അഭിമുഖീകരിച്ച പ്രവാസികൾക്ക് ആരും തുണയുണ്ടായില്ല എന്ന വിമർശനവും നിരാശയും ഒരു വശത്തുണ്ട്. മാസങ്ങൾക്കുമുമ്പ് ഗൾഫിൽ കോവിഡ് വ്യാപിക്കുകയും നാട്ടിൽ അത്ര ഇല്ലാതിരിക്കുകയും ചെയ്ത ഘട്ടത്തിൽ പ്രവാസികൾ നാടണയാൻ കൊതിച്ചിരുന്നു.അന്ന് നാട്ടിലുള്ളവർ ഉടക്കിട്ടുവെന്ന പ്രതിഷേധം പ്രവാസികൾക്കുണ്ട്. നാട്ടിലെത്തിയ പ്രവാസികൾക്കുനേരെ പ്രതിഷേധങ്ങളും ആട്ടിപ്പായിക്കലുമുണ്ടായി. ഇനി പിരിവിനാരും ഇങ്ങോട്ടുവരേണ്ടെന്ന് അന്ന് പ്രവാസികളുടെ പ്രതിഷേധക്കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അതിന് പാർട്ടി വ്യത്യാസമുണ്ടായിരുന്നില്ല. അതെല്ലാം മറക്കും, പ്രവാസി വീണ്ടും ഉദാരമായി സംഭാവന നൽകും എന്ന് കരുതിയിരുന്നവരെ നിരാശരാക്കി കോവിഡ് പ്രതിസന്ധി നീണ്ടു.
നേതാക്കളെത്തിയില്ലെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി ഘടകങ്ങൾ തെരഞ്ഞെടുപ്പ് പിരിവ് നടത്തുന്നുണ്ട്. പ്രധാനമായും പ്രവർത്തകരെ ലക്ഷ്യംവെച്ചാണ് ഇത്.പൊതുപിരിവ് പരസ്യമായി നടക്കുന്നില്ല. കോവിഡ് കാലത്ത് പ്രചാരണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒരർഥത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആശ്വാസമാണ്. പ്രചാരണം പ്രധാനമായും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചായതോടെ ചെലവ് ഗണ്യമായി കുറഞ്ഞു. എന്നാലും വോട്ടുപിടിത്തത്തിന് ചെലവേറെയാണെന്ന് തന്നെ പറയേണ്ടിവരും. എന്തു വന്നാലും കറവപ്പശുവാകാൻ ഇനിയില്ലെന്ന വികാരം നല്ലൊരു വിഭാഗം പ്രവാസികൾക്കിടയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

