താപനിലയിൽ വൻ വർധന വൈദ്യുതി ഉപഭോഗം കുറക്കാൻ ശ്രമം; പള്ളികളിൽ പ്രവർത്തന സമയം കുറച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ വൻ വർധനവ്. ഇതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. രാജ്യവ്യാപകമായി വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള ശ്രമങ്ങൾ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ആരംഭിച്ചു. വിവിധ മന്ത്രാലയം ഇതിന് പൂർണ സഹകരണം വ്യക്തമാക്കിയിട്ടുണ്ട്.
വൈദ്യുതി ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും പ്രവർത്തന സമയം കുറച്ചു. ഇതു പ്രകാരം ബാങ്കുവിളിച്ചാൽ പരമാവധി പത്തു മിനിറ്റ് ഇടവേളയിൽ നമസ്കാരം ആരംഭിക്കുമെന്ന് ഇസ് ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച് മസ്ജിദ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബദർ അൽ ഒതൈബി ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നിർദേശം അയച്ചു. ബാങ്കും നമസ്കാരവും തമ്മിലുള്ള ഇടവേള കുറക്കുകയാണ് ലക്ഷ്യം. ഇതുവഴി പള്ളികളിലെ വൈദ്യുതി ഉപയോഗം കുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗത്തിലെ കുതിച്ചുചാട്ടത്തിനും പവർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളും മുൻനിർത്തിയാണ് ഈ ക്രമീകരണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം വിശദീകരിച്ചു. ഊർജ സംരക്ഷണത്തിനുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം ഉണർത്തിയ മന്ത്രാലയം ഊർജ സംരക്ഷണ പദ്ധതികൾക്ക് പൂർണപിന്തുണ ആവർത്തിക്കുകയും ചെയ്തു.
രാജ്യത്ത് വെള്ളിയാഴ്ച മുതൽ താപനിലയിൽ വലിയ വർധനവുണ്ടായി. പകൽ പുറത്തിറങ്ങാനാകാത്ത നില കൈവന്നിട്ടുണ്ട്. ഇതോടെ എ.സികൾ മുഴുവൻ സമയം പ്രവർത്തിപ്പിക്കേണ്ട നിലയിലേക്ക് മാറി. ഇത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുതിച്ചുചാട്ടത്തിന് ഇടയാക്കും. കഴിഞ്ഞ വർഷം വൈദ്യുതി ഉപയോഗം കൂടിയതോടെ രാജ്യത്ത് ആദ്യമായി പവർകട്ട് ഏർപ്പെടുത്തേണ്ടിവന്നിരുന്നു. ഇതിനെ മറികടക്കാനാണ് തുടക്കം മുതലുള്ള നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

