നേരിട്ടുള്ള വിമാന സർവിസ് വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കേരളത്തിലേക്കും മറ്റിടങ്ങളിലേക്കുള്ളമുള്ള നേരിട്ടുള്ള വിമാന സർവിസിനായി പ്രവാസികളുടെ കാത്തിരിപ്പ് തുടരുന്നു. മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ ഫെബ്രുവരി 28നാണ് കുവൈത്ത് വ്യോമാതിർത്തിയും വിമാനത്താവളവും താൽകാലികമായി അടച്ചത്. ഇതിനിടെ വിമാനത്താവള സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണവും ഉണ്ടായി.
ഇറാൻ-യു.എസ് താൽകാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ മേഖലയിലും രാജ്യത്തിനുനേരെയുമുള്ള ആക്രമണങ്ങൾ നിലച്ചിട്ടുണ്ട്. പൂർണ വെടിനിർത്തലിലേക്കും സമാധനാനത്തിലേക്കും രാജ്യങ്ങൾ നീങ്ങുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ കുവൈത്ത് വിമാനത്താവളം പ്രവർത്തനം വൈകാതെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ സൗദി അറേബ്യയിലെ ഖൈസുമ, ദമ്മാം വിമാനത്തവളങ്ങൾ വഴിയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ യാത്രചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതും സമയ നഷ്ടവും വരുത്തുന്നു. വിവിധ സംഘടനകൾ ഒരുക്കിയ ചാർട്ടഡ് വിമാനങ്ങളാണ് മലയാളികൾക്ക് അൽപമെങ്കിലും ആശ്വാസം നൽകിയത്.
ചർച്ച നടത്തി സിവിൽ ഏവിയേഷൻ
രാജ്യത്തെ വ്യോമഗതാഗതവുമായി ബന്ധപ്പെട്ട സഥിതിഗതികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അസ്സബാഹ് യൂറോപ്യൻ യൂണിയൻ അംബാസഡർമാരുമായി പങ്കുവെച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്ഥിതിഗതികൾ, സിവിൽ ഏവിയേഷൻ മേഖല നേരിടുന്ന വെല്ലുവിളികൾ എന്നിവ ഇതുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ എന്നിയ യോഗത്തിൽ ചർച്ചയായി. കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് യോഗം സംഘടിപ്പിച്ചത്.
ഇറാൻ ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ നിലവിലെ സ്ഥിതിഗതികൾ, പ്രാദേശിക വ്യോമഗതാഗത കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം വർധിപ്പിക്കുന്നതിന് വിമാനക്കമ്പനികളെ പിന്തുണക്കുന്നതിനും വ്യോമഗതാഗത അന്തരീക്ഷം വികസിപ്പിക്കുന്നതിനുമുള്ള വഴികൾ, സിവിൽ ഏവിയേഷൻ മേഖലയിലെ പ്രധാനപ്പെട്ട വെല്ലുവിളികൾ, അവസരങ്ങൾ, ഈ മേഖലയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്തതായി ശൈഖ് ഹുമൂദ് മുബാറക് അൽ ഹുമൂദ് അസ്സബാഹ് വ്യക്തമാക്കി.
ജസീറ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി
ജസീറ എയർവേസ് ഉപയോഗിക്കുന്ന ടെർമിനൽ- 5 പ്രവർത്തനം പുനരാരംഭിക്കുന്നതായ റിപ്പോർട്ടുകൾ അധികൃതർ തള്ളി. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വരുന്ന റിപ്പോർട്ടുകൾ കൃത്യമല്ലെന്നും ഔദ്യോഗിക അനുമതികൾ നൽകിയിട്ടില്ലെന്നും അധികാരികൾ വ്യക്തമാക്കി.
വിമാനത്താവള പ്രവർത്തനം, വിമാന സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എന്നിവ അംഗീകൃത ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പ്രഖ്യാപിക്കൂ. പൊതുജനങ്ങൾ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സർവിസ് പുനരാരംഭിക്കുന്നതായ റിപ്പോർട്ടുകൾ ജസീറ എയർവേസും തള്ളി. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

