കുവൈത്ത് ഫോട്ടോഗ്രാഫർക്ക് രാജ്യാന്തര പുരസ്കാരം
text_fieldsമുഹമ്മദ് മുറാദ്
കുവൈത്ത് സിറ്റി: പ്രകൃതി ഫോട്ടോഗ്രഫിക്കുള്ള അന്താരാഷ്ട്ര ‘ഒയാസിസ്’ മത്സരത്തിൽ കുവൈത്ത് ഫോട്ടോഗ്രാഫർ മുഹമ്മദ് മുറാദ് രണ്ട് അവാർഡുകൾ നേടി. ഇറ്റാലിയൻ സൊസൈറ്റി ഫോർ നാചുറൽ ടൂറിസമാണ് മത്സരം സംഘടിപ്പിച്ചത്. 25,000 എൻട്രികളിൽനിന്ന് ഏറ്റവും മനോഹരമായ 100 ഫോട്ടോകൾ അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുത്തതിൽനിന്നാണ് അവാർഡ് നേടിയവയെ പരിഗണിച്ചത്. 69 രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാർ അവാർഡുകൾക്കായി മത്സരിച്ചിരുന്നു.
‘ദ ഡോമിനർ’ എന്ന ചിത്രത്തിന് ബേഡ്സ് വിഭാഗത്തിലും ‘എസ്കേപ്’ എന്ന ചിത്രത്തിന് മൃഗങ്ങളുടെ വിഭാഗത്തിലെ ‘ഓണറബ്ൾ മെൻഷൻ’ അവാർഡുമാണ് മുറാദിന് ലഭിച്ചത്. ഇത് പ്രകൃതി ഫോട്ടോഗ്രഫിക്കുള്ള ഓസ്കറായി കണക്കാക്കപ്പെടുന്നു. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് തന്റെ അനുഭവത്തെ സമ്പന്നമാക്കുകയും ലോകത്തിലെ പ്രകൃതി ഫോട്ടോഗ്രഫി മേഖലയിൽ കുവൈത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തതായി മുഹമ്മദ് മുറാദ് പ്രതികരിച്ചു. പ്രകൃതി ഫോട്ടോഗ്രഫിയിൽ നേരത്തേയും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ മുഹമ്മദ് മുറാദിന് ലഭിച്ചിട്ടുണ്ട്.

