അപകടത്തിന് കാരണമാകാം, വിമാന യാത്രക്കാർ അറിയാൻ; പവർ ബാങ്കുകൾ ശ്രദ്ധിക്കണം
text_fieldsകുവൈത്ത് സിറ്റി: വിമാനയാത്രക്കൊരുങ്ങും മുമ്പ് ഫോൺ ഫുൾ ചാർജുചെയ്യാൻ മറക്കേണ്ട. വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും കാബിനിലെ ഓവർഹെഡ് ബിന്നുകളിൽ വെക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. വിവിധ എയർ ലൈനുകൾ ഇവ നടപ്പാക്കിവരുകയാണ്.
യാത്രക്കിടയിൽ ലിഥിയം ബാക്ടറികൾ കത്തി അപകടത്തിന് കാരണമാകാം എന്നതിനാലാണ് പവർ ബാങ്കുകൾക്ക് നിയന്ത്രണം. വിമാനങ്ങളിൽ പവർ ബാങ്കുകളും ബാറ്ററികളും കൈകളിൽ കരുതുന്ന ലഗേജുകളിൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതിയുള്ളത്. പവർ ബാങ്കിൽ അവയുടെ ശേഷി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം. വിമാനത്തിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യരുത്. പവർ ബാങ്കുകൾ ചാർജ് ചെയ്യാനും പാടില്ല. ഓവർഹെഡ് ബിന്നുകളിൽ പവർ ബാങ്കുകൾ വെക്കരുത്. സീറ്റിനടിയിലോ സീറ്റിന്റെ പോക്കറ്റിലോ ഇവ വെക്കണം. ഇത് തീപിടിത്തം ഉണ്ടായാൽ പെട്ടെന്ന് ശ്രദ്ധിക്കാനും പ്രതികരിക്കാനും സഹായിക്കും. യാത്രക്കിടെ ഇലക്ട്രോണിക് ഡിവൈസുകൾ അസാധാരണമായി ചൂടാവുകയോ പുകയോ ഗന്ധമോ ഉണ്ടായാൽ കാബിൻ ക്രൂവിനെ അടിയന്തരമായി അറിയിക്കണം.
തീപിടിത്ത സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡി.ജി.സി.എ വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ചു. കുവൈത്ത് എയർവേയ്സ്, എമിറേറ്റ് എയർലൈൻ, ഖത്തർ എയർവേയ്സ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയിൽ നേരത്തെ പവർബാങ്കുകൾക്ക് നിയന്ത്രണമുണ്ട്. ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

