തീപിടിത്തത്തിൽ വീടുകൾ നശിച്ചവർക്ക് കെട്ടിടനിർമാണ പെർമിറ്റുകളിൽ അടിയന്തര ഇളവ് നൽകാൻ ആവശ്യം
text_fieldsഅബ്ദുല്ല അൽ ഖുബൈസി
മനാമ: തീപിടിത്തത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച കുടുംബങ്ങളുടെ മാനുഷികവും സാമൂഹികവുമായ ആവശ്യങ്ങൾ കണക്കിലെടുത്ത്, അത്തരം വീടുകളുടെ പുനർനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള പെർമിറ്റുകൾ നൽകുന്നതിൽ അടിയന്തര ഇളവുകൾ അനുവദിക്കണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ ഖുബൈസി ആവശ്യപ്പെട്ടു.
പുനരധിവാസവും അറ്റകുറ്റപ്പണികളും വേഗത്തിലാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
താമസം വൈകിപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, നാശനഷ്ടം സംഭവിച്ച ഉടമകൾക്ക് എത്രയും വേഗം വീടുകൾ പുനർനിർമിക്കാനോ പുനഃസ്ഥാപിക്കാനോ ഈ നിർദേശം ലക്ഷ്യമിടുന്നതായി അൽ ഖുബൈസി പറഞ്ഞു. വീടുകൾ പൂർണമായി നശിച്ച കുടുംബങ്ങൾ (വിധവകൾക്കും അനാഥർക്കും മുൻഗണന), മരണത്തിന് കാരണമായ തീപിടിത്ത സംഭവങ്ങൾ, നിലവിലുള്ള ലംഘനങ്ങൾ നീക്കം ചെയ്താൽ അറ്റകുറ്റപ്പണികളിലൂടെ നന്നാക്കാൻ കഴിയുന്ന വീടുകൾ എന്നിവക്ക് പരിഗണന നൽകണമെന്നാണ് ആവശ്യം.
ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാനും അവരുടെ സാമൂഹികവും ജീവിതപരവുമായ സ്ഥിരത നിലനിർത്താനും വേണ്ടിയാണ് ഈ നിർദേശമെന്ന് അൽ ഖുബൈസി വ്യക്തമാക്കി.
പെർമിറ്റുകൾ നൽകുന്നതിലെ കാലതാമസവും നിഷേധിക്കലും വീടും സ്വത്തുക്കളും നഷ്ടപ്പെട്ട താമസക്കാരുടെ ദുരിതം വർധിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പെട്ടെന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങൾക്കുശേഷം പല കുടുംബങ്ങളും നേരിടുന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകളും കൗൺസിൽ അംഗം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥപരമായ തടസ്സങ്ങളില്ലാതെ പുനർനിർമാണം അനുവദിക്കുന്നതിന് നിയമങ്ങൾ പ്രയോഗിക്കുന്നതിൽ അസാധാരണമായ വഴക്കം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

