Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ വഴി അടഞ്ഞുതന്നെ; ‘കൈപൊള്ളി’ യാത്രക്കാർ

text_fields
bookmark_border
  • എയർഇന്ത്യ പ്രത്യേക സർവിസ് ഒരുക്കണമെന്നും ആവശ്യം
  • സുരക്ഷ പ്രശ്നങ്ങളാണ് സർവിസ് നടത്താത്തതിന് കാരണമെന്ന് അധികൃതർ
ആകാശ വഴി അടഞ്ഞുതന്നെ; ‘കൈപൊള്ളി’ യാത്രക്കാർ
cancel

മനാമ: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും വ്യോമപാത അടഞ്ഞിരിക്കുന്നതിനാലും യാത്രക്കായി ചിലവഴിക്കേണ്ടി വരുന്ന തുകയിൽ കൈപൊള്ളി പ്രവാസികൾ. നിലവിലെ സാഹചര്യത്തിൽ വലിയ തുക നൽകിയാണ് ആവശ്യക്കാർ നാടണയുന്നത്. വിവാഹം, ചികിത്സ, ഉപരിപഠനം, അവധി തുടങ്ങി ഇനിയും നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങി നിൽക്കുന്നവർ അനവധിയാണ്. സാധാരണക്കാരായ ഇത്തരം പ്രവാസികൾക്ക് വലിയ തുക മുടക്കേണ്ടി വരുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ വിമാന കമ്പനിയായ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും എന്തുകൊണ്ട് സൗദി വഴി സർവീസുകൾ നടത്തുന്നില്ല എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്. പ്രതിസന്ധി വരുമ്പോഴെല്ലാം പ്രവാസികളെ ചേർത്തു പിടിക്കാൻ ഇന്ത്യൻ ഗവൺമെന്‍റും മുന്നോട്ട് വരണമെന്നാണ് പൊതു ആവശ്യം. എന്നാൽ സുരക്ഷ പ്രശ്നങ്ങളാണ് എയർഇന്ത്യ നിലവിൽ സർവീസ് നടത്താത്തതിന് കാരണമായി ബന്ധപ്പെട്ടവർ അറിയിച്ചത്. തങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ മേഖലയിൽ നിന്ന് ഓപറേറ്റ് ചെയ്യാൻ അനുമതി ഇല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. നേരത്തെ പ്രതിസന്ധി തുടങ്ങിയ സമയത്ത് ബഹ്റൈൻ വിമാനത്താവളത്തിൽ അകപ്പെട്ട ഇന്ത്യൻ എക്സ്പ്രസിന്‍റെ ഒരു എയർക്രാഫ്റ്റ് ഇതിനിടയിൽ ഇന്ത്യയിലേക്ക് മാറ്റിയിരുന്നു.

വില ഉയരാൻ കാരണം

ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിയതും സുരക്ഷിതമായ റൂട്ടുകളെ വിമാനകമ്പനികൾ തിരഞ്ഞെടുക്കുന്നതുമാണ് വില ഉയരാൻ ഒരു കാരണം. വിമാന സർവീസുകൾ കുറഞ്ഞതും ആവശ്യകത വർധിച്ചതും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്. എന്നാൽ ടിക്കറ്റ് വില ഈടാക്കുന്നതിൽ വിമാനകമ്പനി വേർതിരിവ് കാണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ബഹ്റൈനിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രക്ക് ഏക മാർഗം ഗൾഫ് എയറാണ്. ദമ്മാം വഴി നടത്തുന്ന സർവീസിനെ അത്യാവശ്യക്കാർ ഉപയോഗിക്കുന്നുമുണ്ട്. മുംബൈ, ചൈന്നൈ സെക്ടറുകളിലേക്ക് നേരിട്ടും കൂടുതൽ യാത്രക്കാരുള്ള കേരളത്തിലേക്ക് ചാർട്ട് ചെയ്തുമാണ് ഗൾഫ് എയർ സർവീസ് നടത്തുന്നത്. ഇതിനെതിരെ ട്രാവൽ ഏജൻസികളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തുകയും കേരള സെക്ടറിലേക്ക് നേരിട്ടുള്ള സർവീസ് നടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കലുകൾ, റൂട്ടുകൾ മാറ്റൽ

ഗൾഫ് വിമാനക്കമ്പനികളാണ് സംഘർഷം വലിയ രൂപത്തിൽ ബാധിച്ചത്. വ്യാപകമായ വിമാന റദ്ദാക്കലുകൾ, അപകടകരമായ വ്യോമാതിർത്തി ഒഴിവാക്കാൻ റൂട്ടുകൾ മാറ്റൽ, ഇന്ധനച്ചെലവ് കുതിച്ചുയരൽ എന്നിവ ഇവ നേരിടേണ്ടി വന്നു. സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ജി.സി.സി രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചു. ചില രാജ്യങ്ങൾ വൈകാതെ വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും പൂർണതോതിൽ ആയിട്ടില്ല. കുവൈത്ത്, ബഹ്റൈൻ എന്നിവ ഇതുവരെ വ്യോമപാതകൾ തുറന്നിട്ടില്ല. ഖത്തർ ഭാഗികമായാണ് പ്രവർത്തനം ആരംഭിച്ചത്.

ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നതിനാല്‍ പ്രത്യേക അനുമതിയോടെ ഏതാനും സർവിസുകള്‍ മാത്രമാണ് മിക്ക കമ്പനികളും ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് നടത്തുന്നത്. സൗദി വഴിയാണ് കുവൈത്തിൽ നിന്നുള്ള സർവിസുകളും പുനരാരംഭിച്ചിട്ടുള്ളത്. ഖൈസുമ വിമാനത്താവളം വഴി കൊച്ചി, തിരുവന്തപുരം അടക്കം എട്ടു ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ എയർവേയ്‌സ് സർവീസ് ആരംഭിച്ചിട്ടുണ്ട്. മാർച്ച് 26 മുതൽ സൗദിയിലെ ദമ്മാം വഴി കുവൈത്ത് എയർവേയ്‌സും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിസന്ധി ഒഴിഞ്ഞാലും പ്രതിസന്ധി‍ ?

സംഘർഷം അവസാനിച്ച് വിമാന സർവിസുകൾ വൈകാതെ പഴയ നിലയിൽ ആകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. എന്നാൽ, ഇനി സംഘർഷമൊഴിഞ്ഞാലും വിമാനകമ്പനികൾക്ക് നേരത്തെയുള്ള ടിക്കറ്റ് നിരക്കിൽ സർവീസ് നടത്താൻ സാധ്യമാകില്ല എന്ന ആശങ്കയും ബന്ധപ്പെട്ടവർ അറിയിക്കുന്നുണ്ട്. ഗൾഫ് മേഖലകളിലെ അവധിയും ബലി പെരുന്നാളും അടക്കം പ്രവാസികൾ ധാരാളമായി നാട്ടിലേക്ക് പോകുന്ന സമയങ്ങളാണ് വരാനിരിക്കുന്നത്. ഏതായാലും ഈ മാസങ്ങളിലടക്കം യാത്രക്കായി പ്രവാസികൾ വലിയ തുക ചിലവഴിക്കേണ്ടി വരുമെന്ന് സാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The skyway remains closed; passengers are left 'deprived'
Next Story