സോപാനം വാദ്യകലാസംഘം "സംഗീതരത്നം' പുരസ്കാരം അമ്പിളിക്കുട്ടന് സമർപ്പിക്കും
text_fieldsഅമ്പിളിക്കുട്ടൻ
മനാമ: ഇന്ത്യൻ സംഗീത കലാരംഗത്തിന് നൽകിയ സമഗ്ര സംഭാവനക്ക് ബഹ്റൈൻ സോപാനം വാദ്യകലാസംഘം ഏർപ്പെടുത്തിയ "സംഗീതരത്നം" പുരസ്കാരം സംഗീതജ്ഞനും ബഹ്റൈൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ അമ്പിളിക്കുട്ടന് സമർപ്പിക്കും. പൊന്നാടയും പ്രശസ്തിപത്രവും പ്രത്യേകം രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഡിസംബർ അഞ്ചിന് ടുബ്ലീ അദാരിപാർക്കിൽ നടക്കുന്ന വാദ്യസംഗമം 2025ന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് അമ്പിളിക്കുട്ടന് സമർപ്പിക്കും.
കഴിഞ്ഞ 22 വർഷമായി ഭാരതീയ കലാസാംസ്കാരിക പ്രവർത്തനത്തിലൂടെ പ്രവാസ ലോകത്ത് പതിനായിരത്തിലധികം കലാപ്രതിഭകളെ സൃഷ്ടിക്കുവാൻ അമ്പിളിക്കുട്ടന്റെ നേതൃത്വത്തിലുള്ള ഐ.ഐ.പി.എ.യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കലോത്സവങ്ങളിലും സിനിമാ പിന്നണി ഗാനരംഗത്തും സംഗീത സംവിധാനത്തിലും സജീവമായിരുന്ന അമ്പിളിക്കുട്ടൻ പത്മവിഭൂഷൻ ഡോ. ബാലമുരളീകൃഷ്ണയുടെ ശിഷ്യനാണ്. 1982ലെയും 1984ലെയും കേരളസർവ്വകലാശാലാ യുവജനോത്സവത്തിൽ സർവ്വകലാശാല പ്രതിഭയാവുകയും സ്വാതിതിരുനാൾ എന്ന വിശ്വവിഖ്യാത സിനിമയിലൂടെ പിന്നണി ഗാനരംഗത്തു തുടക്കം കുറിക്കുകയും ചെയ്തു. നിരവധി സിനിമകളിലും ആൽബങ്ങളിലും ഗാനാലാപനവും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.
സംഗീതാചാര്യൻ വി ദക്ഷിണാമൂർത്തി, ഡോ: കെ ജെ യേശുദാസ്, ഡോ: ബാലമുരളീകൃഷ്ണ തുടങ്ങിയ അനേകം സംഗീത പ്രതിഭകൾക്കൊപ്പം അമ്പിളിക്കുട്ടൻ പ്രവർത്തിച്ചിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പ് 2000ത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. പ്രശസ്ത കവിയും ഗാനരചയിതാവുമായ അഭയദേവിന്റെ ചെറുമകനായ അമ്പിളിക്കുട്ടൻ കോട്ടയം പള്ളം സ്വദേശിയാണ്.
പുരസ്കാരദാന ചടങ്ങിൽ പത്മശ്രീ ജയറാം, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ലതിക ടീച്ചർ എന്നിവർ സംബന്ധിക്കും. കലാ പ്രവർത്തകർക്ക് മാതൃകയായ അമ്പിളിക്കുട്ടന് പുരസ്കാരം നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്നും വാദ്യസംഗമം2025ലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുവെന്നും സോപാനം വാദ്യകലാസംഘം സ്ഥാപകനും ചെയർമാനുമായ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

