ഹജിയാത്തിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ച് പബ്ലിക് പ്രോസിക്യൂഷൻ
text_fieldsതീപിടിത്തമുണ്ടായ കെട്ടിടത്തിൽ അധികൃതർ പരിശോധന നടത്തുന്നു
മനാമ: റിഫയിലെ ഹജിയാത്തിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പബ്ലിക് പ്രോസിക്യൂഷൻ. തീപിടത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, അതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഒമ്പതു നിലകളുള്ള താമസകെട്ടിടത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച അർധ രാത്രി തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഭിന്നശേഷിക്കാരനായ യുവാവും മാതാവും മരണപ്പെട്ടിരുന്നു. തീപടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് സ്വരക്ഷാർഥം താഴേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റാണ് 48കാരിയായ മാതാവ് മരണപ്പെട്ടത്. ഫ്ലാറ്റിൽ അകപ്പെട്ട 16 പേരെ രക്ഷപ്പെടുത്തുകയും കെട്ടിടത്തിലെ മറ്റു താമസക്കാരായ 116 പേരെ സുരക്ഷിതമായി സിവിൽ ഡിഫൻസ് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
പുകശ്വസിച്ചതിനെ തുടർന്ന് ആരോഗ്യം മോശമായ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടി സുഖം പ്രാപിച്ചുവെന്നാണ് റിപ്പോർട്ട്. സംഭവം നടക്കുന്ന സമയം പെട്രോളിന്റെ ഗന്ധം പ്രദേശത്തുണ്ടായിരുന്നതായി പ്രദേശവാസികൾ ആരോപിച്ചെങ്കിലും സിവിൽ ഡിഫൻസ് നടത്തിയ പ്രാഥമിക അന്വേഷത്തിന് ശേഷം അത് നിഷേധിക്കുകയായിരുന്നു.
സ്ഥിരീകരിക്കാത്ത തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

