നസീബ് കലാഭവന്‍ റിയാദ് കലാഭവൻ പുരസ്കാരം
text_fieldsനസീബ് കലാഭവൻ
റിയാദ്: അറിയപ്പെടുന്ന ഹാസ്യകലാകാരനും പ്രവാസിയുമായ നസീബ് കലാഭവന്‍ റിയാദിലെ കലാഭവൻ കലാസാംസ്കാരിക കൂട്ടായ്മയുടെ പുരസ്കാരം.
റിയാദ് കലാഭവൻ എല്ലാവർഷവും നൽകിവരാറുള്ള കലാഭവൻ കർമ പുരസ്കാരത്തിനാണ് ഈ വർഷം നസീബിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മിമിക്രി താരവും സിനിമാനടനുമായ റിയാസ് നർമകല, സംസ്ഥാന നാടക അവാർഡ് ജേതാവും സംവിധായകനും സിനിമാനടനുമായ ജയൻ തിരുമന, ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ, രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം, വൈസ് ചെയർമാൻ ഷാരോൺ ഷരീഫ്, സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. ദീർഘകാലമായി റിയാദിൽ പ്രവാസിയായ നസീബ് കലാഭവൻ നാട്ടിലും ഗൾഫ് രാജ്യങ്ങളിലും നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അറിയപ്പെടുന്ന കലാകാരനാണ്. കുന്നംകുളം മരതംകോട് സ്വദേശിയാണ്. റിയാദിൽ സ്വകാര്യ കമ്പനിയിൽ അകൗണ്ടൻറാണ്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

