വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം; നടപടിക്രമങ്ങൾ വ്യക്തമാക്കി എൽ.എം.ആർ.എ
text_fieldsമനാമ: വിദേശ തൊഴിലാളികൾക്ക് ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ വിശദീകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). രേഖാമൂലമുള്ള രാജിക്കത്ത് സമർപ്പിക്കുന്നതിന്റെ പ്രാധാന്യവും അതോറിറ്റി ഊന്നിപ്പറഞ്ഞു. പുതിയ തൊഴിലുടമയാണ് തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ എക്സ്പാട്രിയേറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ്) വഴി സമർപ്പിക്കേണ്ടത്. നിലവിലെ തൊഴിലുടമക്ക് ജീവനക്കാരൻ രാജിക്കത്ത് നൽകിയിട്ടുണ്ട് എന്നതിന്റെ തെളിവ് നിർബന്ധമാണ്. ഇത് രാജിക്കത്ത് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, എൽ.എം.ആർ.എയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും ഇത് പരിശോധിക്കുകയും നിലവിലെ തൊഴിലുടമയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്യും. തൊഴിലുടമയുടെ അധികാരങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു തൊഴിലാളി നിലവിലെ തൊഴിലുടമയുടെ കീഴിൽ ഒരു വർഷത്തിൽ താഴെയാണ് ജോലി ചെയ്തതെങ്കിൽ, തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ അംഗീകരിക്കാനോ നിരസിക്കാനോ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. എന്നാൽ, തൊഴിലാളി ഒരുവർഷത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, തൊഴിലുടമക്ക് ഈ മാറ്റം തടയാൻ കഴിയില്ല. എങ്കിലും, നിയമമനുസരിച്ച് നോട്ടീസ് പിരീഡ് നിശ്ചയിക്കാൻ അവർക്ക് അനുമതിയുണ്ട്. ഇത് സാധാരണയായി 30 ദിവസമാണ്, കരാറിനെ ആശ്രയിച്ച് 90 ദിവസം വരെയാകാം. എല്ലാ ആവശ്യകതകളും പൂർത്തിയാക്കി അനുമതികൾ ലഭിച്ചാൽ, വിദേശതൊഴിലാളിക്ക് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലിയിൽ പ്രവേശിക്കാം.
“സുതാര്യത, ഉത്തരവാദിത്തം, സ്ഥിരത” എന്നീ തങ്ങളുടെ മാർഗനിർദേശ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് എൽ.എം.ആർ.എ ഈ പ്രക്രിയയെ കാണുന്നത്. ഇത് തൊഴിൽ മാറ്റങ്ങൾ ഉത്തരവാദിത്തത്തോടെയും തർക്കരഹിതമായും നടക്കുന്നുവെന്ന് തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഉറപ്പുനൽകുന്നു. രാജിക്കത്ത് തെളിയിക്കുന്ന രേഖയും ഒരുവർഷം പൂർത്തിയാക്കിയെന്ന വ്യവസ്ഥയും ഈ പ്രക്രിയയുടെ പ്രധാന ഭാഗങ്ങളാണ്. ഇത് തൊഴിലിടത്തിന്റെ സ്ഥിരതയും വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിനുള്ള അവകാശവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാൻ എൽ.എം.ആർ.എയെ സഹായിക്കുന്നു. തൊഴിൽ കമ്പോളത്തിലെ മാറ്റങ്ങൾ സുഗമവും തർക്കരഹിതവുമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

