ഇറാൻ- ഇസ്രായേൽ സംഘർഷം; ഉറച്ച നിലപാടുമായി ബഹ്റൈൻ
text_fieldsആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിൽ
ചേർന്ന യോഗം
മനാമ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉറച്ച നിലപാടുമായി ബഹ്റൈൻ. ഒരു പ്രാദേശിക സംഘർഷത്തിലേക്കും രാജ്യത്തെ വലിച്ചിഴക്കപ്പെടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ബഹ്റൈന്റെ നിലപാട് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കിയത്.
ദേശീയ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധത സ്ഥിരീകരിച്ച മന്ത്രി മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ബഹ്റൈൻ ഒരു കക്ഷിയല്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയയിൽ നടന്ന നിയമനിർമാണ, എക്സിക്യൂട്ടിവ് ശാഖകളുടെ സംയുക്ത യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഈ യുദ്ധത്തിലേക്ക് ഞങ്ങളെ വലിച്ചിഴക്കരുത്, ഞങ്ങൾ അതിൽ പങ്കാളികളല്ല, എന്തു വന്നാലും അത്തരമൊരു കാര്യം സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.
നമ്മൾ കെട്ടിപ്പടുത്ത രാജ്യത്തിന്റെ സമാധാനം, സ്ഥിരത, ഐക്യം എന്നിവ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള സന്നദ്ധത ഉറപ്പാക്കാൻ ദേശീയ അടിയന്തര പദ്ധതിയും സിവിൽ അടിയന്തര കേന്ദ്രവും പൂർണമായും പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന കിംവദന്തികളിലും തെറ്റായ വിവരങ്ങളിലും വീഴരുതെന്നും, സാമൂഹിക സമാധാനം തകർക്കാൻ അനുവദിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഷൂറ കൗൺസിൽ, പ്രതിനിധി കൗൺസിൽ അംഗങ്ങൾ, മന്ത്രിമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം, എന്ത് വെല്ലുവിളികൾ ഉണ്ടായാലും ജനങ്ങളെ സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനൽകി.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സൈദ് ജവാദ് ഹസൻ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാലികി, വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി എന്നിവരുൾപ്പെടെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.