ആശങ്ക ഒഴിയാതെ, മൂന്നാം ദിനവും ആക്രമണം നടത്തി ഇറാൻ; രാത്രിയും സൈറൺ; കരുതലോടെ രാജ്യം
text_fieldsമനാമ: തുടർച്ചയായ മൂന്നാം ദിവസവും ബഹ്റൈനിലേക്ക് ആക്രമണം നടത്തി ഇറാൻ. ഞായറാഴ്ച വൈകിട്ടോടെ സാഹചര്യം ശാന്തമാകുമെന്ന് കരുതിയെങ്കിലും രാത്രിയോടെ വീണ്ടും ആക്രമണം തുടരുകയായിരുന്നു. രാജ്യത്തെ പ്രമുഖ തുറമുഖമായ മിന സൽമാനിലെ മാരിടൈം കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ തുറമുഖം ലക്ഷ്യമാക്കി ഇറാൻ വീണ്ടും ആക്രമണം നടത്തി. രാജ്യത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച മിസൈലുകൾ പ്രതിരോധ സേന തകർത്തെങ്കിലും, അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടുത്തത്തിൽ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന വിദേശ കപ്പലിന് കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ ഒരു ഏഷ്യൻ തൊഴിലാളി മരിക്കുകയും രണ്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസിന്‍റെ അടിയന്തര ഇടപെടലുകൾ തീനിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച രാവിലെയും ആക്രമണത്തിന് അറുതിയുണ്ടായില്ല. അതിരാവിലെ വീണ്ടും തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോണുകളെത്തിയിരുന്നു. കൃത്യസമയത്ത് ജനങ്ങളുടെ സുരക്ഷക്കായി മുന്നറിയിപ്പ് സൈറണുകളും ആഭ്യന്തര മന്ത്രാലയം നൽകി കൊണ്ടിരുന്നു. തിങ്കളാഴ്ച രാത്രിയും സൈറൺ മുഴങ്ങിയിരുന്നു. രാജ്യത്തെ സ്ഥിതിചെയ്യുന്ന അമേരിക്കയുമായി ബന്ധപ്പെട്ട ഇടങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്‍റെ ആക്രമണമെന്നാണ് നിഗമനം.
പൗരന്മാരോട് സുരക്ഷിതരായിരിക്കണമെന്നും മനാമ പ്രദേശത്തെ കെട്ടിടങ്ങൾ ആക്രമണത്തിനിരയാകാൻ സാധ്യതയുണ്ടെന്നും അവിടെ നിന്ന് താമസം മാറണമെന്നും മനാമയിലെ യു.എസ് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബഹ്റൈനിലെ യു.എസ് നേവിയുടെ അഞ്ചാം പടക്കപ്പൽ സർവീസ് സെന്‍ററിലാണ് ശനിയാഴ്ച ഇറാൻ ആദ്യം ആക്രമണം നടത്തിയത്. പിന്നീട് മനാമയിലെ താമസ കെട്ടിടത്തിലും സ്റ്റാർ ഹോട്ടലായ ക്രൗൺ പ്ലാസയിലും ആക്രമണം നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

