ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന് നടക്കുമെന്ന് ഭരണസമിതി
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി മീറ്റിങ്ങും 2023-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും ഡിസംബർ എട്ടിന് ഇസ ടൗൺ കാമ്പസിൽ നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ഏഴ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശങ്ങൾ രക്ഷിതാക്കളിൽനിന്ന് ക്ഷണിച്ചു.
എട്ടിന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് ഏഴു വരെ വോട്ടെടുപ്പ് നടക്കും. അന്നേ ദിവസം രാത്രി എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. നിയുക്ത റിട്ടേണിങ് ഓഫിസർമാർ അഡ്വ. വലിയവീട്ടിൽ കുര്യൻ തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവരാണ്. സ്റ്റാഫ് പ്രതിനിധി തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കും. സ്റ്റാഫ് ലെയ്സൺ ഓഫിസറായി ബിജു വാസുദേവനെ നിയമിച്ചു.
സ്കൂളിന് സാമ്പത്തികബാധ്യതയൊന്നും വരുത്താതെ രണ്ടു കാമ്പസുകളിലെയും വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായ സോളാർ പവർ പർച്ചേസ് കരാറിൽ ഒപ്പുവെക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.
സ്കൂൾ കാമ്പസ് മുഴുവനും വൈഫൈ കണക്ടിവിറ്റിയുള്ളതിനാൽ ഡിജിറ്റൽ സമ്പുഷ്ടമായ വിദ്യാഭ്യാസ അന്തരീക്ഷമുണ്ട്. നാലു പുതിയ ബാഡ്മിന്റൺ കോർട്ടുകൾ, എൽ.ഇ.ഡി സ്ക്രീൻ ഡിസ്പ്ലേ, നൂതന ശബ്ദസംവിധാനം എന്നിവ ഉൾക്കൊള്ളുന്ന എം.പി ഹാൾ ശ്രദ്ധേയമാണ്. സ്കൂൾ മൈതാനം അസ്ഫാൽറ്റ് ഉപയോഗിച്ച് നവീകരിച്ചു. നടപ്പാതകളും ടോയ്ലറ്റ് സൗകര്യങ്ങളും അറ്റകുറ്റപ്പണി നടത്തി. സ്കൂളിനെ നീറ്റ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തു. നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ സാമ്പത്തികസഹായം നൽകുന്നുണ്ട്. സ്റ്റാഫ് അംഗങ്ങൾക്ക് അവരുടെ അർപ്പണബോധവും സംഭാവനകളും അംഗീകരിച്ച് അർഹമായ ഇൻക്രിമെന്റ് ലഭിക്കും. തുടർച്ചയായ ഒമ്പതു വർഷത്തെ അക്കാദമിക നേട്ടങ്ങൾ അഭിമാനകരമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ), ഡേറ്റ സയൻസും വിഷയങ്ങളായി അവതരിപ്പിച്ച്, വിദ്യാർഥികളെ ഭാവിയിലേക്ക് സജ്ജരാക്കാൻ സ്കൂൾ മുൻതൂക്കം നൽകുന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പുനരവതരിപ്പിച്ച് പാഠ്യേതര അവസരങ്ങൾ സ്കൂൾ വിപുലീകരിച്ചു. റോബോട്ടിക് ക്ലബും കൂടാതെ സ്പേസ് ക്ലബും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിഫ കാമ്പസിലെ നിരവധി ക്ലാസ് മുറികൾ അത്യാധുനിക സ്മാർട്ട് ടി.വി സൗകര്യങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു. പാഠ്യരംഗത്തും കായികം, കലകൾ തുടങ്ങി വിവിധ മേഖലകളിലും സ്കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പിന്തുണയോടെ സ്കൂൾ നൽകുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ തെളിവാണ് ഈ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പ്രിൻസ് എസ്. നടരാജനെക്കൂടാതെ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, രാജേഷ് എം.എൻ, പ്രേമലത എൻ.എസ്, അജയകൃഷ്ണൻ വി., പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.