ഇസ്രായേൽ അതിക്രമത്തിൽ പ്രതിഷേധിച്ച് ‘ഇതാ ഞാൻ, ഗസ്സ’ഐക്യദാർഢ്യ മാർച്ച്
text_fieldsഗസ്സയിൽ നടക്കുന്ന സയണിസ്റ്റ് അതിക്രമത്തിൽ പ്രതിഷേധിച്ച് നടന്ന ‘ഇതാ ഞാൻ, ഗസ്സ’ ഐക്യദാർഢ്യ മാർച്ച്
മനാമ: ഗസ്സയിൽ നടക്കുന്ന സയണിസ്റ്റ് അതിക്രമത്തിൽ പ്രതിഷേധിച്ച് ‘ഇതാ ഞാൻ, ഗസ്സ’ ഐക്യദാർഢ്യ മാർച്ച് നടന്നു. മുഹറഖിലെ ഹമദ് കാനൂ മസ്ജിദിൽനിന്നാണ് ഫലസ്തീൻ സപ്പോർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടന്നത്. വംശഹത്യ അവസാനിപ്പിക്കുക, മാനുഷിക സഹായങ്ങൾക്കും രോഗികളെയും മുറിവേറ്റവരെയും പരിചരിക്കുന്നതിനായി അതിർത്തികൾ തുറക്കുക, തുടങ്ങിയ ആവശ്യങ്ങൾ മാർച്ചിൽ പങ്കെടുത്തവർ ഉന്നയിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ പങ്കെടുത്തു.
ഡോക്ടർമാരും നഴ്സുമാരും ഘോഷയാത്രയിൽ പങ്കുചേർന്നു. ഗസ്സ മുനമ്പിലെ ആശുപത്രികളെയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെയും ആക്രമിക്കുന്നത് അപലപനീയമാണെന്ന് അവർ പറഞ്ഞു. അൽ എസ്ല സൊസൈറ്റി ചെയർമാൻ ഡോ. അബ്ദുലത്തീഫ് അൽ ശൈഖ് സമാപന പ്രസംഗം നടത്തി. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മാനുഷിക സഹായം സുഗമമാക്കുന്നതിന് അതിർത്തികൾ തുറക്കണമെന്നും വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.