എമർെജൻസി സിറ്റുവേഷൻ റൂം സന്ദർശിച്ച് കിരീടാവകാശി
text_fieldsഎമർജെൻസി സിറ്റുവേഷൻ റൂം സന്ദർശിക്കാനെത്തിയ കിരീടാവകാശി
മനാമ: പ്രധാനമന്ത്രിയുടെ ഓഫിസിലെ എമർജൻസി സിറ്റുവേഷൻ റൂം സന്ദർശിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ തയാറെടുപ്പുകളെ അദ്ദേഹം വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്തു.
പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധികളിൽ രാജ്യത്തിന്റെ മുൻകരുതലുകളുടെ ഭാഗമായാണ് സിറ്റുവേഷൻ റൂം പ്രവർത്തനം. സന്ദർശനവേളയിൽ സിറ്റുവേഷൻ റൂമിന്റെ പ്രധാന ഉത്തരവാദിത്തങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്ന, തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത യൂനിറ്റാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സിറ്റുവേഷൻ റൂം. തത്സമയ വിവരങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിലെ മാനേജ്മെന്റ്, ഏകോപനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവർത്തകർ, നയം രൂപീകരിക്കാൻ സഹായിക്കുക തുടങ്ങിയവ ഇതിന്റെ പ്രവർത്തനങ്ങളാണ്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ആശയവിനിമയത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള നയത്തിന് രാജ്യം പ്രതിജ്ഞാബന്ധമാണെന്നും അത് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉയർത്തിപ്പിടിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം, സമഗ്രമായ വികസനത്തിന്റെ സുസ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ വൈദഗ്ധ്യവും ശ്രമങ്ങളും ബഹ്റൈനിനുണ്ടെന്ന് കിരീടാവകാശി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

