തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങൾ
text_fieldsഫൈസൽ ചെറുവണ്ണൂർ
നാടിന്റെ വികസനവും ജനകീയ പ്രശ്നങ്ങളും സജീവമായി ചർച്ച ചെയ്യപ്പെടേണ്ട സമയമാണ് തെരഞ്ഞെടുപ്പ് കാലം. എന്നാൽ ഇന്ന് തെരഞ്ഞെടുപ്പ് ചർച്ചകളിൽ വിവാദങ്ങളും ആരോപണങ്ങളും മാത്രം അജണ്ടകളാകുന്നത് ഖേദകരമാണ്. പൗരന്മാരുടെ ജീവൽപ്രശ്നങ്ങൾക്ക് ചെവികൊടുക്കാതിരിക്കുന്നത് അധാർമികതയാണ്. തങ്ങളുടെ റേറ്റിങ് കൂട്ടുന്നതിന് മാത്രമായി വാർത്തകളുണ്ടാക്കുകയും രാഷ്ട്രീയ നേതാക്കളെയും സ്ഥാനാർഥികളെയും അത്തരം ഗിമ്മിക്കുകളിൽ തളച്ചിടുകയും ചെയ്യുന്ന ദൃശ്യമാധ്യമങ്ങൾ ജനാധിപത്യത്തെ തന്നെ തകിടം മറിക്കുകയാണ് ചെയ്യുന്നത്.
പൊതുതെരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയ കക്ഷികളും മുന്നണികളും പുറത്തിറക്കുന്ന എണ്ണമറ്റ മോഹന വാഗ്ദാനങ്ങൾ നിറഞ്ഞ പ്രകടനപത്രികകൾ തെരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ ഭാഗമായി മാത്രം കാണുന്ന കാലത്ത്, ഭരണകർത്താക്കളിൽ നിന്ന് സമൂഹം എന്തൊക്കെ പ്രതീക്ഷിക്കുന്നുവെന്ന പൊതുബോധം വളർത്തിയെടുക്കുവാനും അത്തരം. വിഷയങ്ങൾ ചർച്ചകളിൽ ഉയർത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ സമൂഹത്തിൽനിന്ന് ഉണ്ടാകണം.
ഗ്രാമങ്ങളുടെ ജീവനാഡിയായ ഗ്രാമീണ റോഡുകളും മറ്റ് വികസന വിഷയങ്ങളും ഈ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ അജണ്ടയാകേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ പല വാർഡുകളിലും റോഡുകളുടെ അവസ്ഥ ഏറെ ശോച്യാവസ്ഥയിലാണ്. പലതവണ നിവേദനങ്ങളിലൂടെയും മറ്റും ആവശ്യപ്പെട്ടിട്ടും ഇതിന് മാറ്റംവന്നിട്ടില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും തിരിഞ്ഞുനോക്കാത്ത ഗ്രാമീണ റോഡുകളും നിലച്ചുപോയ കുടിവെള്ള പദ്ധതികളും മാലിന്യ പ്രശ്നങ്ങളുമടക്കം അർഹതപ്പെട്ടതെല്ലാം വോട്ടർമാർ ചോദിച്ചുകൊണ്ടേയിരിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

